ഹിമാചലില്‍ ഇഞ്ചോടിഞ്ച്
|ബിജെപി-18 കോണ്‍ഗ്രസ്- 20 എന്നിങ്ങനെയാണ് ലീഡ് നില
ഷിംല: ഗുജറാത്ത് - ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപി-18 കോണ്‍ഗ്രസ്- 20 എന്നിങ്ങനെയാണ് ലീഡ് നില. 59 ഇടങ്ങളിലായി 68 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 10,000 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഹിമാചൽ പ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിൽ തുടരുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനം. എന്നാൽ അട്ടിമറി വിജയം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഹിമാചലിൽ 68 മണ്ഡലങ്ങളിലായി ആകെ 412 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സർവേ ഫലങ്ങൾ പറയുന്നു.
അധികാരത്തിന് 35 സീറ്റുകൾ വേണമെന്നിരിക്കെ ബിജെപി 38 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ സർവേ. കോൺഗ്രസിന് 28ഉം മറ്റുള്ളവർക്ക് രണ്ടും സീറ്റുകൾ ലഭിക്കുമ്പോൾ എഎപി പൂജ്യരാവുമെന്നും ടൈംസ് നൗ പ്രവചിച്ചു. ബിജെപി 32-40, കോൺഗ്രസ് 27-34, മറ്റുള്ളവർ 1-2, എഎപി - 0 എന്നാണ് ന്യൂസ് എക്‌സ് സർവേ. ബിജെപി 34-39, കോൺഗ്രസ് 28-33, എഎപി 0-1, മറ്റുള്ളവർ 1-4 സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക് എക്‌സിറ്റ് പോളും പ്രവചിക്കുന്നു.
ഹിമാചലിൽ നടന്ന തെരഞ്ഞടുപ്പിൽ 2017 ലെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവ് പോളിങ്ങിൽ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഇളക്കി മറിച്ച് ഒരു മാസം നീണ്ടുനിന്ന പ്രചാരണം നടത്തിയെങ്കിലും അതൊന്നും പോളിങിലേക്ക് എത്തിയില്ല എന്നായിരുന്നു പോളിങ് ശതമാനം സൂചിപ്പിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരായിരുന്നു ബി.ജെ.പി പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റം പ്രതീക്ഷിക്കുന്ന കോൺഗ്രസ് കണക്ക് കൂട്ടിയിരുന്നു. പല മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല.