ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്: പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്ക; പരാതി നൽകി കോൺഗ്രസ്
|67.04 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയ പോളിങ്
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്ക. 67.04 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. 2017 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണ് പോളിങ്ങിൽ രേഖപ്പെടുത്തിയത്.
ഹിമാചൽ പ്രദേശിനെ ഇളക്കി മറിച്ച് ഒരു മാസം പ്രചാരണം നടന്നെങ്കിലും അതൊന്നും പോളിങിലേക്ക് എത്തിയില്ല എന്നതാണ് വോട്ടിങ് ശതമാനം സൂചിപ്പിക്കുന്നത്. ഇത് ബിജെപിയേയും, കോൺഗ്രസിനേയും ഒരു പോലെ ആശങ്കയിലാക്കുന്നു. കനത്ത തണുപ്പാണ് പോളിങ് ശതമാനം കുറയാൻ കാരണം എന്നാണ് വിലയിരുത്തൽ. തുടർഭരണം ലക്ഷ്യം വെയ്ക്കുന്ന ബി.ജെ.പി പ്രതീക്ഷിച്ചത് 75 ശതമാനത്തിന് മുകളിൽ പോളിങ്ങാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് ബി.ജെ.പി പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ഭരണ വിരുദ്ധ വികാരത്തിന് പുറമെ റിബൽ ശല്യവും ബി.ജെ.പിക്ക് തലവേദനയാണ്. ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റം പ്രതീക്ഷിക്കുന്ന കോൺഗ്രസ് കണക്ക് കൂട്ടിയിരുന്നു. പല മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല.
പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. അതേസമയം, രാംപൂരിൽ വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകൾ സ്‌ട്രോങ് റൂമിലേക്ക് കൊണ്ട് പോയത് സ്വകാര്യ വാഹനത്തിലെന്ന് കോൺഗ്രസ് ആരോപിച്ചു. സ്വകാര്യ വാഹനത്തിൽ ഇവിഎം കയറ്റുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവർ തേടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി.