ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി; എ.ഐ.സി.സി. നിരീക്ഷക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
|കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുക
ഷിംല: ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എ.ഐ.സി.സി. നിരീക്ഷക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുക. മുഖ്യമന്ത്രി സ്ഥാനത്ത് തല്ക്കാലം സുഖ് വിന്ദർ സുഖു തുടരും.
കോൺഗ്രസിന്‍റെ 40 എം.എൽ.എ മാരിൽ 31 പേരും മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിനു എത്തിയതോടെയാണ് മന്ത്രി സഭയ്ക്കുള്ള ഭീഷണി തല്‍ക്കാലത്തേക്ക് ഒഴിഞ്ഞത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് നിരീക്ഷക സമിതി റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടയിൽ അയോഗ്യരായ കോൺഗ്രസ് എം.എൽ.എമാർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. രാജ്യസഭ സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് അയോഗ്യതയ്ക്ക് ഇടയാക്കില്ല എന്നാണ് ഇവരുടെ വാദം.
ബി.ജെ.പി രാജ്യസഭാ സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെയാണ് അയോഗ്യതയ്ക്ക് വഴി ഒരുങ്ങിയത്. ഹൈക്കോടതിയുടെ തീരുമാനം ഏറെ നിർണായകമാകും. തല്‍ക്കാലത്തേക്ക് ഭീഷണി ഒഴിഞ്ഞെങ്കിലും വിധി ഹരജിക്കാർക്ക് അനുകൂലമായാൽ സുഖു മന്ത്രി സഭ വീണ്ടും പ്രതിസന്ധിയിലാകും. ബിജെപിയുടെ 25 എം.എൽ.എമാരെ കൂടാതെ 6 കോൺഗ്രസ് വിമതരും മൂന്ന് സ്വതന്ത്രരും ചേരുമ്പോൾ ബി.ജെ.പി -കോൺഗ്രസ് മുന്നണികളുടെ അംഗ ബലം ഒപ്പത്തിന് ഒപ്പമാകും.