കനത്ത മഴ; ഹിമാചലിൽ മിന്നൽപ്രളയം, ഉത്തരാഖണ്ഡിൽ ദേശീയപാത ഒലിച്ചുപോയി
|മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും കനത്ത മഴ തുടരും.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലി, കുളു എന്നിവിടങ്ങളിൽ മിന്നൽപ്രളയം. ഉത്തരാഖണ്ഡിലെ ഗൈർസെയ്ൻ- കർൺപ്രയാഗ് ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച മണ്ണിടിച്ചിൽ ഉണ്ടായ മഹാരാഷ്ട്രയിലെ റായിഗഡിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. താനേ, റായിഗഡ്, പൂനെ, പാൽഗർ എന്നിവിടങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. നവീ മുംബൈയിലും ഗുജറാത്തിലെ ദ്വാരക ജില്ലകളിലും വെള്ളപ്പൊക്കം രൂക്ഷമായി.
തെലങ്കാനയിൽ മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിൽ ഗോദാവരി നദിയിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്.