'ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി സ്വന്തം രൂപസാദൃശ്യമുള്ള ആളെ ഉപയോഗിച്ചു'; ഗുരുതര ആരോപണവുമായി ഹിമന്ത ബിശ്വ ശർമ
|രാഹുൽ അസ്സം ജനതയെ അപമാനിച്ചു എന്നാണ് ഹിമന്തയുടെ ആരോപണം
ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി 'ഡ്യൂപ്പി'നെ ഉപയോഗിച്ചെന്ന ഗുരുതര ആരോപണവുമായി അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യാ ടുഡേയുടെ ട്വീറ്റിനെ ഉദ്ധരിച്ചാണ് ഹിമന്തയുടെ ആരോപണം.
ജനുവരി 22നാണ് ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ രാന്ധി ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദ്യം ചെയ്ത് ഇന്ത്യാ ടുഡേ നോർത്ത് ഈസ്റ്റ് എക്‌സിൽ ട്വീറ്റ് പങ്കു വച്ചത്. ഇത് ചൂണ്ടിക്കാട്ടി, രാഹുൽ അസ്സം ജനതയെ അപമാനിച്ചു എന്നാണ് ഹിമന്തയുടെ ആരോപണം. രാഹുൽ ന്യായ് യാത്രയിൽ തന്റെ വിശ്വാസ്യത കളങ്കപ്പെടുത്തി എന്ന് ചില റിപ്പോർട്ടുകൾ കണ്ടെന്നും രാഹുലിന് 2019നേക്കാൾ കുറഞ്ഞ സീറ്റുകളാവും അടുത്ത ഇലക്ഷനിൽ അസ്സമിൽ നിന്ന് കിട്ടുക എന്നും ഹിമന്ത കുറ്റപ്പെടുത്തി.
"ന്യായ് യാത്രയിൽ രാഹുൽ മുഴുവൻ സമയവും ബസിനുള്ളിൽ ആയിരുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെയെങ്കിൽ ബസിന് മുന്നിൽ ഇരുന്നയാൾ ആരാണ്? ദൂരെ നിന്ന് നോക്കിയാൽ അവിടെ സദാസമയവും രാഹുൽ ഇരിക്കുന്നത് പോലെയാണ് തോന്നുക. യാത്രയിൽ രാഹുൽ തന്റെ രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ വിഷയമാണ്.
അസ്സമിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലോ ചരിത്ര സ്ഥലങ്ങളിലോ രാഹുൽ പോയില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. മാ കാമഖ്യ ക്ഷേത്രത്തിലോ ലചിത് ബോർഫുഖാന്റെ ശവകുടീരത്തിലോ ഒന്നും രാഹുൽ സന്ദർശനം നടത്തിയില്ല. രാഹുൽ സന്ദർശിച്ച മണ്ഡലങ്ങളിലെല്ലാം ബിജെപി ജയിക്കും എന്നുറപ്പാണ്. പിന്നെന്തിനാണ് ഇങ്ങനെയൊരു യാത്ര? അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ സമയത്ത് ശ്രദ്ധ തിരിക്കുക മാത്രമായിരുന്നു രാഹുലിന്റെ ഉദ്ദേശം. പക്ഷേ അത് നടത്താൻ അസ്സമിലെ ജനങ്ങൾ സമ്മതിച്ചില്ല". ഹിമന്ത പറഞ്ഞു.