India
അസമിനെതിരെ പ്രളയ ജിഹാദ് നടത്തുന്നു; മേഘാലയ സർവകലാശാലയ്‌ക്കെതിരെ ഹിമാന്ത ബിശ്വശർമ
India

'അസമിനെതിരെ പ്രളയ ജിഹാദ് നടത്തുന്നു'; മേഘാലയ സർവകലാശാലയ്‌ക്കെതിരെ ഹിമാന്ത ബിശ്വശർമ

Web Desk
|
12 Aug 2024 9:55 AM GMT

അസമിലെ കരീംഗഞ്ച് സ്വദേശി മഹ്ബൂബുൽ ഹഖിന്റെ ഉടമസ്ഥതയിൽ മേഘാലയയിലെ റി-ഭോയ് ജില്ലയിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്‌ക്കെതിരെയാണ് ഹിമാന്ത ബിശ്വശർമ ആരോപണമുയർത്തിയത്

ഗുവാഹത്തി: അസം തലസ്ഥാന നഗരമായ ഗുവാഹത്തിയിലെ പ്രളയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ 'പ്രളയ ജിഹാദ്' ആരോപണവുമായി ഹിമാന്ത ബിശ്വശർമ. അസം സ്വദേശിയായ മഹ്ബൂബുൽ ഹഖിന്റെ നേതൃത്വത്തിൽ മേഘാലയയിലെ റി-ഭോയ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലയ്‌ക്കെതിരെയാണ് ഗുവാഹത്തി പ്രളയത്തിന് അസം മുഖ്യമന്ത്രി പഴിചാരിയിരിക്കുന്നത്. മേഘാലയയിലെ മലയോര മേഖലയിലെ കുന്നുകൾ ഇടിച്ചും മരങ്ങൾ മുറിച്ചും അസമിനെതിരെ ബോധപൂർവം പ്രളയ ജിഹാദ് നടത്തുകയാണെന്നാണ് ആരോപണം.

റിഭോയിയിലെ ജോറാബത്തിൽ സ്ഥിതിചെയ്യുന്ന യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി മേഘാലയ(യു.എസ്.ടി.എം) സർവകലാശാലയ്‌ക്കെതിരെയാണ് ഹിമാന്ത ബിശ്വശർമ ആരോപണമുയർത്തിയിരിക്കുന്നത്. അസമിലെ കരീംഗഞ്ച് ജില്ലയിലുള്ള ബരാക് വാലി സ്വദേശിയാണ് മഹ്ബൂബുൽ ഹഖ്. 2008ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സ്വകാര്യ സാങ്കേതിക സർവകലാശാലയായ യു.എസ്.ടി.എമ്മിന് 'എ' ഗ്രേഡ് നാക് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. നിലവിൽ അസമിൽനിന്നും മേഘാലയയിൽനിന്നുമായി 6,000ത്തോളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. സ്ഥാപകനായ മഹ്ബൂബുൽ ഹഖ് തന്നെയാണു നിലവിൽ സർവകലാശാല ചാൻസലർ.

യു.എസ്.ടി.എം കാംപസിൽ വരുന്ന മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അസമിലെ പ്രളയത്തിൽനിന്നു തലയൂരാൻ ഹിമാന്ത ബിശ്വശർമ ശ്രമിക്കുന്നത്. കാംപസിലെ വനനശീകരണമാണ് ഗുവാഹത്തിയിലെ പ്രളയത്തിനു കാരണമെന്നാണു വാദം. അസമിനെതിരെ സർവകലാശാല ഉടമകൾ ബോധപൂർവമുള്ള പ്രളയ ജിഹാദ് നടത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

''യു.എസ്.ടി.എം ഉടമ ഒരു ജിഹാദിനു തുടക്കമിട്ടിരിക്കുകയാണ്. നമ്മൾ ഭൂമി ജിഹാദിനെ കുറിച്ചാണു സംസാരിച്ചിരുന്നത്. ഇപ്പോൾ അസമിനെതിരെ പ്രളയ ജിഹാദ് ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. അല്ലാതെ ഇത്രയും ക്രൂരമായി ആർക്കും കുന്നിടിക്കാനാകില്ല. ആർക്കും പ്രകൃതിയോട് താൽപര്യമില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ഈ തരത്തിൽ മരങ്ങൾ മുറിക്കുകയാണ്''-ഹിമാന്ത കുറ്റപ്പെടുത്തി.

''ഇതിനെ ജിഹാദ് എന്നാണ് ഞാൻ വിളിക്കുന്നത്. ഇതു ബോധപൂർവമുള്ള പണിയാണ്. ഇല്ലെങ്കിൽ ഒരു ആർകിടെക്ടിനെ വിളിച്ച് കുന്നും മലയും മരങ്ങളും നിർത്തിത്തന്നെ അവർക്ക് നിർമാണങ്ങൾ നടത്താമായിരുന്നു. ഡ്രെയിനേജ് സംവിധാനവും ഒരുക്കാമായിരുന്നു. എന്നാൽ, ഒരു ആർക്കിടെക്ടിന്റെയും സഹായം തേടാതെ ബുൾഡോസർ കൊണ്ടുവന്ന് ക്രൂരമായി മലയിടിച്ചിരിക്കുകയാണ് അവർ.''

നാളെമുതൽ ഗുവാഹത്തിയിലെ വിദ്യാർഥികൾ അവിടെ പഠിക്കുന്നതും അധ്യാപകർ അവിടെ പോകുന്നതും നിർത്തിയാൽ ഇവിടത്തെ പ്രളയം അവസാനിക്കുമെന്നും ഹിമാന്ത തുടർന്നു. ഇക്കാര്യത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്ക് താൻ കത്തെഴുതിയിട്ടുണ്ടെന്നും ഉടൻ നേരിൽകാണുമെന്നും ബി.ജെ.പി നേതാവ് അറിയിച്ചു. എന്നാൽ, നാശം സംഭവിച്ചുകഴിഞ്ഞതുകൊണ്ട് ഇനി അവർക്ക് എന്തെങ്കിലും കാര്യമായി ചെയ്യാനാകുമോയെന്ന് അറിയില്ല. നമ്മുടെ വിദ്യാർഥികൾ അവിടെ പോകുന്നത് നിർത്തൽ മാത്രമാണു പരിഹാരം. അങ്ങനെ ചെയ്താൽ ഈ നിർമാണങ്ങളെല്ലാം നിലയ്ക്കുകയും മരങ്ങൾ വളരുകയും ചെയ്യും. ചില സംഗതികൾക്കുള്ള പരിഹാരം സാമ്പത്തികം കൂടിയാണ്. ഇവർക്ക് സാമ്പത്തികമായ മറുപടി നൽകണം. അങ്ങനെയാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നേർവഴിക്കാകുമെന്നും ഹിമാന്ത ബിശ്വശർമ കൂട്ടിച്ചേർത്തു.

മേഘാലയ സർക്കാരിൽനിന്ന് ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയാണ് കാംപസിലെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് യു.എസ്.ടി.എം വക്താവ് പ്രതികരിച്ചത്. മുംബൈ ആസ്ഥാനമായുള്ള ഹോസ്മാക് ഇന്ത്യ, ഡൽഹിയിലെ സത്‌സങി അസോസിയേറ്റ്‌സ് എന്നിവയുടെ മേൽനോട്ടത്തിൽ മേഘാലയ സർക്കാരുമായി സഹകരിച്ചാണ് മെഡിക്കൽ കോളജ് പദ്ധതി നടക്കുന്നത്. പദ്ധതിയുടെ രൂപരേഖ ഐ.ഐ.ടി വിദഗ്ധർ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റി-ഭോയ് ജില്ലയിലെ ജോറാബത്ത് വരെ ഇരുഭാഗങ്ങളിലുമായി നേരത്തെ തന്നെ വലിയ തോതിൽ വികസന പ്രവൃത്തികൾ നടന്നിട്ടുണ്ട്. ഇതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് യു.എസ്.ടി.എം സർവകലാശാലയെന്നും വക്താവ് ചൂണ്ടിക്കാട്ടി.

Summary: Assam CM Himanta Biswa Sarma alleges ‘flood jihad’, targets Muslim-owned university, USTM in Meghalaya

Similar Posts