India
Himanta Biswa Sarma about complaint against B.V Srinivas

ഹിമന്ത ബിശ്വ ശര്‍മ, ബി.എസ്. ശ്രീനിവാസ്, അങ്കിത ദാസ്


India

കോണ്‍ഗ്രസില്‍ വനിതാ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലാത്തതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല: ഹിമന്ത ബിശ്വ ശര്‍മ

Web Desk
|
23 April 2023 8:49 AM GMT

കഴിഞ്ഞ ആറ് മാസമായി ബി.വി. ശ്രീനിവാസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മോശമായ പദപ്രയോഗങ്ങളിലൂടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അങ്കിത ദാസ് പരാതിയില്‍ ആരോപിച്ചിരുന്നു

ദിസ്പൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെതിരെയുള്ള വനിതാ നേതാവിന്റെ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു.

കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സുരക്ഷിതമായ സാഹചര്യത്തിമില്ലാത്തതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന പേക്കൂത്തുകളാണിതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു. ഇതിനോട് ട്വിറ്ററിലൂടെയായിരുന്നു ഹിമന്തയുടെ പ്രതികരണം.

'നിയമപ്രകാരമാണ് അസം പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഒരു വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ കുറ്റാരോപിതനെതിരെ ഐ.പി.സി സെക്ഷന്‍ 354 പ്രകാരം അന്വേഷണം നടത്തി വരികയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വനിതകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമില്ലാത്തതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറ്റാരോപിതനോട് നിയമനടപടികളുമായി സഹകരിക്കാന്‍ പറയൂ,' ഹിമന്ത ട്വീറ്റില്‍ പറയുന്നു.

ഞായറാഴ്ച രാവിലെയോടെ അസം പൊലീസ് കര്‍ണാടകയിലെത്തി ബി.വി. ശ്രീനിവാസിന് ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനുള്ള നോട്ടീസ് നല്‍കിയിരുന്നു. മെയ് രണ്ടിന് രാവിലെ 11 മണിക്ക് എത്തണമെന്നാണ് നോട്ടീസിലുള്ളത്. ഈ നടപടിക്ക് പിന്നാലെയാണ് ഹിമന്ത ശര്‍മക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രണ്‍ദീപ് സുര്‍ജേവാല എത്തിയത്.

'ഓന്തിന് പോലെ നിറം മാറുന്ന അസമിന്റെ മുഖ്യമന്ത്രിയുടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള ചെപ്പടിവിദ്യകള്‍ കൂടുതല്‍ കുപ്രസിദ്ധമാകുകയാണ്. അദ്ദേഹത്തിന് ഇടക്ക് പവന്‍ ഖേരയെ അറസ്റ്റ് ചെയ്യാന്‍ തോന്നും, ചിലപ്പോള്‍ ബി.വി. ശ്രീനിവാസിനെയും. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രൊപഗണ്ട പരാതിയെ ഞങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയാണ്.

പണ്ട് ശാരദ, ലൂയി ബെര്‍ഗര്‍ അഴിമതിക്കേസുകളില്‍ മോദി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നതിന്റെ അപമാനം മറക്കാന്‍ വേണ്ടിയായിരിക്കാം ഈ കാണിച്ചുകൂട്ടലുകള്‍. ആ കേസുകള്‍ കാരണമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. അയാള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കേണ്ടതില്ല,' രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശര്‍മ 2015ലാണ് ബി.ജെ.പിയിലെത്തുന്നത്.

അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ ഡോ. അങ്കിത ദാസാണ് ബി.വി. ശ്രീനിവാസിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മോശമായ പദപ്രയോഗങ്ങളിലൂടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അങ്കിത ആരോപിച്ചിരുന്നു.

ഏപ്രില്‍ 18ന് ട്വിറ്ററിലൂടെ ഇക്കാര്യങ്ങള്‍ പറഞ്ഞ അങ്കിത ഏപ്രില്‍ 22നാണ് പരാതി നല്‍കുന്നത്. ഈ പരാതി പ്രകാരം, ഐ.പി.സിയിലെ 509, 294, 341, 352, 354, 354 A(iv), 506 എന്നീ വകുപ്പുകളും ഐ.ടി ആക്ടിലെ 67ാം വകുപ്പുമാണ് ബി.വി. ശ്രീനിവാസിനെതിരെ ചുമത്തിയിരിക്കുന്നത്.

തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ബി.ജെ.പിയുമാണ് ഇതിന് പിന്നിലെന്നുമാണ് ശ്രീനിവാസിന്റെ പ്രതികരണം.

പരാതിക്ക് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാണിച്ച് അങ്കിത ദാസിനെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്താക്കുകയും ചെയ്തിരുന്നു.

Similar Posts