അദാനി ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സണ്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തൽ; റിപ്പോര്‍ട്ടില്‍ കുടുങ്ങി കേന്ദ്രസര്‍ക്കാറും
|അദാനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രിംകോടതി ചുമതലപ്പെടുത്തിയത് സെബിയെ ആയിരുന്നു
ഡൽഹി: അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സണ്‍ നിക്ഷേപം ഉണ്ടെന്ന ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ കുടുങ്ങി കേന്ദ്രസർക്കാരും. അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബിയും പ്രതിരോധത്തിലായി. ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തിറങ്ങി.
നികുതിരഹിത വിദേശ രാജ്യങ്ങളിൽ കടലാസ് കമ്പനികൾ രൂപീകരിച്ച് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്നതായിരുന്നു അദാനിക്കെതിരായ ആദ്യ ഹിൻഡൻ ബെർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ വിദേശ കമ്പനികളിൽ സെബി അധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്ന പുതിയ റിപ്പോർട്ടാണ് സർക്കാരിന്റെ മുഖം നഷ്ടമാക്കുന്നത്. മാധവി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപം ഉണ്ടെന്നു പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിദേശ ഷെൽ കമ്പനികളിൽ 2015 നാണു നിക്ഷേപം തുടങ്ങിയത്. 2017 ആയപ്പോൾ മാധവി ബുച് സെബിയിൽ പൂർണ സമിതി അംഗമായി. അതുവരെ ബുച് ദമ്പതിമാരുടെ സംയുക്ത അകൗണ്ട് ആയിരുന്നുന്നെങ്കിലും, ഇതോടെ തന്റെ പേരിലേക്ക് മാത്രം അകൗണ്ട് മാറ്റാൻ ദവാൽ ബുച് കമ്പനിക്ക് ഇ മെയിൽ അയച്ചിരുന്നു.
അന്വേഷണാത്മക പ്രവർത്തകർ ചോർത്തിയെടുത്ത് ഈ രേഖകൾ സഹിതമാണ് ഹിൻഡൻ ബെർഗ് റിപ്പോർട്ട്. അദാനിയെ കുറ്റവിമുക്തമാക്കുക മാത്രമല്ല ഹിൻഡൻ ബെർഗിന് കാരണം കാണിക്കൽ നോട്ടീസും സെബി നൽകി. ചുമതല ഏറ്റ ഉടൻ മേധാവി ബുച്ചിനെ സന്ദർശിക്കാൻ അദാനി, അവരുടെ ഓഫീസിൽ എത്തിയതിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടുകയാണ് കോൺഗ്രസ്. അദാനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രിംകോടതി ചുമതലപ്പെടുത്തിയത് സെബിയെ ആയിരുന്നു . സെബി അധ്യക്ഷ തന്നെ കുരുക്കിൽ ആയതോടെ സുപ്രിംകോടതിയുടെ പ്രതികരണം ഇനി എന്ത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.