India
Hindenburg released more evidence against the SEBI Chairperson Madhabi buch
India

മാധബിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഹിൻഡൻബർ​ഗ്; ഭർത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂർ കമ്പനി ഓഹരികൾ മാത്രം

Web Desk
|
12 Aug 2024 2:32 AM GMT

ബുച്ചിന്റെ മറുപടിയിൽ തങ്ങളുടെ കണ്ടെത്തൽ ശരിവയ്ക്കുന്നുണ്ടെന്നും ഹിൻഡൻബർഗ് പറഞ്ഞു.

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ കുരുക്ക് മുറുക്കി ഹിൻഡൻബർ​ഗ്. തങ്ങൾ‌‌ നേരത്തെ പുറത്തുവിട്ട വെളിപ്പെടുത്തലുകൾ മാധബി ബുച്ച് തള്ളിയ സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ നിരത്തി ഹിൻഡൻബർഗ് ‌രം​ഗത്തെത്തിയിരിക്കുന്നത്. സെബി അംഗമായപ്പോൾ മാധബി ബുച്ച് ഭർത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂർ കമ്പനിയുടെ ഓഹരി മാത്രമാണെന്നും ഇന്ത്യൻ കമ്പനിയുടെ ഓഹരികൾ അവർ നിലനിർത്തിയെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി.

ബുച്ചിന്റെ മറുപടിയിൽ തങ്ങളുടെ കണ്ടെത്തൽ ശരിവയ്ക്കുന്നുണ്ടെന്നും ഹിൻഡൻബർഗ് പറഞ്ഞു. കഴിഞ്ഞദിവസത്തെ ആരോപണങ്ങൾ തള്ളി മാധബി ബുച്ച് പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെയാണ് ഹിൻഡൻബർഗ് കൂടുതൽ തെളിവുകൾ നിരത്തി രംഗത്തെത്തിയത്. തനിക്ക് നേരത്തെ പല കമ്പനികളുമായും ബന്ധമുണ്ടായിരുന്നെന്നും ഇവയിൽ ചിലതിന് ഉപദേശം നൽകിയിരുന്നെന്നും ഭർത്താവും ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നയാളാണെന്നും എന്നാൽ പിന്നീട് സ്വന്തമായി കമ്പനി രൂപീകരിക്കുകയും ചെയ്‌തെന്നുമായിരുന്നു മാധബി ബുച്ച് പ്രസ്താവനയിൽ പറഞ്ഞിരുന്നത്. 2017ൽ സെബിയിൽ അംഗമായതോടെ, ഈ കമ്പനികളുടെ ഓഹരികൾ ഭർത്താവിന്റെ പേരിലേക്ക് മാറ്റിയെന്നും ഇവർ അവകാശപ്പെട്ടിരുന്നു.

എന്നാൽ, സിംഗപ്പൂരിലും ഇന്ത്യയിലും മാധബിയും ഭർത്താവും ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നെന്നും അതിൽ സിംഗപ്പൂർ കമ്പനികളുടെ ഓഹരികൾ മാത്രമാണ് ഭർത്താവിന്റെ പേരിലേക്ക് മാറ്റിയതെന്നും ഇന്ത്യയിലെ കമ്പനികളിലെ 99 ശതമാനം ഓഹരിയും അതിന്റെ ലാഭവും മാധബിയുടെ പേരിലാണെന്നും ചൂണ്ടിക്കാട്ടിയുള്ള രേഖകളാണ് ഇപ്പോൾ ഹിൻഡൻബർഗ് പുറത്തുവിട്ടിരിക്കുന്നത്.

ഇവരുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ബാല്യകാല സുഹൃത്ത് കൂടിയായ അനിൽ അഹുജ, ഇതിനകം തന്നെ പലപ്പോഴും അദാനിയുടെ സ്ഥാപനങ്ങളിൽ മാനേജറായി ജോലി ചെയ്തിട്ടുള്ള ആളാണ്. അതിനാൽ തന്നെ മാധബി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനിയുടെ വിവിധ കമ്പനികളും അവയുടെ മേധാവികളുമായി നിരന്തരം ബന്ധമുണ്ടായിരുന്നെന്നും ഹിൻഡൻബർഗ് പറയുന്നു.

ഓഹരികൾ മാറ്റിയെന്ന് പറയുമ്പോഴും അതിൽനിന്നൊരു വരുമാനം മാധബി ബുച്ചിന്റെ കുടുംബത്തിലേക്ക് തന്നെ എത്തുന്നു എന്നതിനുള്ള രേഖകളാണ് ഇപ്പോൾ ഹിൻഡൻബർഗ് പുറത്തുവിട്ടിരിക്കുന്നത്. അദാനിയുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും തങ്ങൾക്കെതിരെ ഹിൻഡൻബർഗ് പക വീട്ടുകയാണെന്നും ഇതിനെതിരെ നിയമനടപടിയിലേക്ക് കടക്കുകയുമാണെന്നും പറഞ്ഞാണ് സെബി മുന്നോട്ടുപോയത്. എന്നാൽ ചെയർപേഴ്‌സൺ മാധബി ബുച്ചിനെ വീണ്ടും വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ഹിൻഡൻബർഗ് നടത്തിയിരിക്കുന്നത്.

സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ​ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ ഷെൽ കമ്പനികളിൽ പങ്കുണ്ടെന്നാണ് അമേരിക്കൻ നിക്ഷേപ ​ഗവേഷണ സ്ഥാപനമായ ഹിൻഡൻബർ​ഗ് വെളിപ്പെടുത്തിയത്. അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബർമുഡയിലെയും മൗറീഷ്യസിലെയും നി​ഗൂഢ കമ്പനികളിൽ ഇരുവർക്കും നിക്ഷേപമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധബി ബുച്ച് രാജിവയ്ക്കണം എന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ആവശ്യം. ഒപ്പം അന്വേഷണത്തിന് പാർലമെന്ററി സമിതിയെ നിയോഗിക്കണം. വിഷയത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവയ്ക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്ന് പരിഹസിച്ച രാഹുൽ‌ നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി എന്ന ചോ​ദ്യമുയർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കി.

പുതിയ സാഹചര്യത്തിൽ വിഷയം സുപ്രിംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും രാഹുൽ തന്റെ വീഡിയോ സന്ദേശത്തിലൂടെ ചോദിച്ചു. തന്റെ ഭർത്താവിന് പങ്കാളിത്തമുള്ള മറ്റൊരു കമ്പനിയെ വഴിവിട്ട് സഹായിച്ചു എന്ന തെളിവും ഹിൻഡൻബർഗ് നൽകുന്ന സാഹചര്യത്തിൽ മാധബി ബുച്ചിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ, നിക്ഷേപങ്ങളുടെ എല്ലാ വിവരവും സെബിയെ താൻ അറിയിച്ചതാണെന്നും കാരണംകാണിക്കൽ നോട്ടീസ് നൽകിയതിന് ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുകയാണെന്നുമായിരുന്നു മാധബി ബുച്ചിന്റെ പ്രതികരണം. അതേസമയം വിദേശത്തെ ദുരൂഹ കമ്പനികളിൽ എന്തിന് നിക്ഷേപം നടത്തിയെന്ന് മാധബി വിശദീകരിച്ചില്ല. ‌മാധബിക്കെതിരായ വെളിപ്പെടുത്തൽ ദുരുദ്ദേശത്തോടെയുള്ളതും അപകീർത്തികരവുമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം.


Read Also'അദാനിയെ സഹായിക്കാൻ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയിട്ടില്ല': ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

Read Alsoമാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ട്?, നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി?; രാഹുൽ ഗാന്ധി


Similar Posts