ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
|ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാർ അദാനിയുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. അദാനിയുടെ സാമ്പത്തിക വിവരങ്ങളും രേഖകളും മന്ത്രാലയം പരിശോധിക്കും. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള ആദ്യത്തെ അന്വേഷണമാണിത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നിട്ടും കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്നതില്ലെന്ന് ആരോപണം ഉയർന്നിരുന്നു. അദാനിയെ കേന്ദ്രസർക്കാർ വഴിവിട്ട് സഹായിക്കുന്നു എന്നാണ് ആരോപണം. പ്രതിപക്ഷം പാർലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സെബിയും അദാനി ഗ്രൂപ്പിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് വിവരം.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് വൻ തിരിച്ചടി നേരിട്ടിരുന്നു. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കമ്പനിയുടെ ഓഹരിമൂല്യം ഇനിയും ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.