ഹിന്ദി അവികസിത സംസ്ഥാനങ്ങളുടെയും ശൂദ്രരുടെയും ഭാഷ: വിവാദ പരാമര്‍ശവുമായി ഡി.എം.കെ എം.പി
|ഹിന്ദി സംസാരിക്കുന്നത് ശൂദ്രര്‍ മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം ജാതീയ പരാമര്‍ശവും നടത്തി
ചെന്നൈ: വീണ്ടും ഭാഷാവിവാദം ആളിക്കത്തിച്ച് ഡി.എം.കെ എം.പി ടി.കെ.എസ് ഇളങ്കോവന്‍. ഹിന്ദി അവികസിത സംസ്ഥാനങ്ങളുടെ ഭാഷയാണെന്ന് ഇളങ്കോവന്‍ പറഞ്ഞു. ഹിന്ദി സംസാരിക്കുന്നത് ശൂദ്രര്‍ മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം ജാതീയ പരാമര്‍ശവും നടത്തി.
ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ അവികസിത സംസ്ഥാനങ്ങളിലെ മാതൃഭാഷ മാത്രമാണ് ഹിന്ദി. പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, തമിഴ്നാട്, കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ നോക്കുക...ഇവയെല്ലാം വികസിത സംസ്ഥാനങ്ങളല്ലേ? ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാതൃഭാഷ ഹിന്ദിയല്ല. ഹിന്ദി നമ്മളെ ശൂദ്രന്മാരാക്കി മാറ്റും. ഹിന്ദി ഭാഷ നമുക്ക് ഗുണകരമല്ലെന്നും ഇളങ്കോവന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രിലിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂഡൽഹിയിൽ നടന്ന പാർലമെന്‍ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ, പ്രാദേശിക ഭാഷകൾക്കല്ല, ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ ഉപയോഗിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, നടന്‍ പ്രകാശ് രാജ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. അമിത് ഷാ സാംസ്കാരിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.