India
ഗ്യാന്‍വാപി പരാമര്‍ശം: ഡല്‍ഹി ഹിന്ദു കോളജ് അധ്യാപകന്‍ ഡോ.രത്തൻ ലാലിന് ജാമ്യം
India

ഗ്യാന്‍വാപി പരാമര്‍ശം: ഡല്‍ഹി ഹിന്ദു കോളജ് അധ്യാപകന്‍ ഡോ.രത്തൻ ലാലിന് ജാമ്യം

Web Desk
|
21 May 2022 11:25 AM GMT

50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്

ഡല്‍ഹി: ഗ്യാന്‍വാപി പരാമര്‍ശത്തില്‍ അറസ്റ്റിലായ ഡല്‍ഹി ഹിന്ദു കോളജ് അധ്യാപകന്‍ ഡോ.രത്തന്‍ ലാലിന് ജാമ്യം. 50,000 രൂപയുടെ ബോണ്ടില്‍ തീസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ സമൂഹ മാധ്യമത്തിലൂടെ വിമർശിച്ചതിനാണ് രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്തത്. ഡൽഹി സ്വദേശി വിനീത് ജിൻഡൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഇന്നലെ രാത്രിയാണ് രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്തത്. മത സ്പർദ്ധ സൃഷ്ടിക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചരിത്ര വിഭാഗം അധ്യാപകനായ രത്തൻ ലാലിന് എതിരെ ചുമത്തിയത്.

പൊതുസമാധാനം തകർക്കാൻ സാധ്യതയുള്ള ചില അഭിപ്രായങ്ങൾ രത്തന്‍ ലാല്‍ പ്രഥമദൃഷ്ട്യാ പാസാക്കിയിട്ടുണ്ടെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ വാദിച്ചു- "ഇത്രയും വിദ്യാസമ്പന്നനായ ഒരു വ്യക്തിയാണ് ഇങ്ങനെ ചെയ്തത്. ഇത്തരമൊരു പരാമർശം നടത്തിയതിന് ശേഷം അദ്ദേഹം അവിടെ നിർത്തിയില്ല. യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോകളിലൂടെ അദ്ദേഹം പറഞ്ഞത് ന്യായീകരിച്ചു"

നോട്ടീസ് നൽകാനും മറുപടി എന്തെന്ന് അറിയാനും പൊലീസിന് മതിയായ സമയമുണ്ടായിരുന്നുവെന്ന് രത്തന്‍ ലാലിന്റെ അഭിഭാഷകൻ വാദിച്ചു. മറുപടി തൃപ്തികരമായിരുന്നില്ലെങ്കില്‍ പൊലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. പൊലീസ് അർണേഷ് കുമാര്‍ കേസിലെ വിധിയെ അവഹേളിച്ചു. അറസ്റ്റിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും രത്തന്‍ ലാലിന്‍റെ അഭിഭാഷകന്‍ വാദിച്ചു. രത്തന്‍ ലാലിന്‍റെ പോസ്റ്റിന് പിന്നില്‍ ഒരു ക്രിമിനല്‍ ഉദ്ദേശ്യവുമില്ല. അദ്ദേഹം ശിവ ഭക്തനാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഒരു വ്യക്തിയുടെ വികാരം വ്രണപ്പെട്ടാല്‍ മുഴുവൻ സമൂഹത്തിന്‍റെയും വികാരം വ്രണപ്പെട്ടതായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പരാതികളില്‍ വസ്തുതകളും സാഹചര്യങ്ങളും മുഴുവനായി പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. ചുറ്റുമുള്ള ആളുകളെയും പൊതുസമൂഹത്തെയും കണക്കിലെടുത്ത് ഒഴിവാക്കാമായിരുന്ന പ്രവൃത്തിയാണ് പ്രതി ചെയ്തത്. അപലപനീയമാണെങ്കിലും രത്തന്‍ ലാലിന്‍റെ പോസ്റ്റ് സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനുള്ള ശ്രമമാണെന്ന് തോന്നുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ജുഡീഷ്യൽ കസ്റ്റഡിക്ക് വേണ്ടിയുള്ള പൊലീസിന്റെ അപേക്ഷ കോടതി നിരസിച്ചു. അതേസമയം ഇപ്പോള്‍ എഫ്‌.ഐ.ആറിൽ കലാശിച്ച വിവാദവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടരുതെന്നും രത്തന്‍ ലാലിന് കോടതി നിര്‍ദേശം നല്‍കി.

രത്തൻ ലാലിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി സർവകലാശാലയിലെ വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധിച്ചിരുന്നു. എതിർക്കുന്നവരെ എല്ലാം അവസരം ലഭിക്കുമ്പോൾ ജയിലിൽ അടയ്ക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.

Related Tags :
Similar Posts