India
Hindu Group Claims Ajmer Dargah is a Hindu Temple
India

അജ്മീർ ദർഗ ഹിന്ദു ക്ഷേത്രമെന്ന് മഹാറാണ പ്രതാപ് സേന; സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Web Desk
|
8 Feb 2024 2:49 PM GMT

ഉത്തർപ്രദേശിലെ ബാഗ്പതിൽ സൂഫി വര്യനായിരുന്ന ബദ്‌റുദ്ദീൻ ഷായുടെ ദർഗയുടെ ഉടമസ്ഥാവകാശം കഴിഞ്ഞ ദിവസം കോടതി ഹിന്ദുക്കൾ വിട്ടുനൽകിയിരുന്നു. ഇതിന്റെ ബലത്തിലാണ് അജ്മീരിലും അവകാശവാദമുന്നയിക്കുന്നത്.

ജയ്പൂർ: ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന വാദവുമായി ഹിന്ദുത്വ സംഘടന. രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാറാണ പ്രതാപ് സേനയാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ദർഗയുടെ ചരിത്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാറാണ പ്രതാപ് സേനാ പ്രസിഡന്റ് രാജ് വർധൻ സിങ് പാർമർ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമക്ക് പരാതി നൽകി.

മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് പരാതി നൽകിയിരുന്നെങ്കിലും അവർ അവഗണിക്കുകയായിരുന്നു. അയോധ്യയിലും ഗ്യാൻവാപിയിലും നടത്തിയത് പോലെ അജ്മീർ ദർഗയിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർവേ നടത്തണമെന്നും പരാതിയിൽ പറയുന്നു.

ഉത്തർപ്രദേശിലെ ബാഗ്പതിൽ സൂഫി വര്യൻ ബദ്‌റുദ്ദീൻ ഷായുടെ ദർഗയുടെ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്ക് നൽകി ജില്ലാ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ചയാണ് സിവിൽ ജഡ്ജി ശിവം ദ്വിവേദി മുസ്‌ലിം പക്ഷത്തിന്റെ ഹരജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ ബലത്തിലാണ് അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് മഹാറാണ പ്രതാപ് സേന രംഗത്തെത്തിയത്.

അവകാശവാദവുമായി ഹിന്ദുത്വ സംഘടന രംഗത്തെത്തിയതോടെ ദർഗയിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സമാധാനം തകർക്കുന്ന നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് മത രാഷ്ട്രീയ നേതാക്കൾ ആഹ്വാനം ചെയ്തു.

Related Tags :
Similar Posts