ഇതൊന്നും ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ല; പ്രണയ ദിനത്തില്‍ നായകളുടെ വിവാഹം നടത്തി ഹിന്ദു മുന്നണി
|വാലന്‍റൈന്‍സ് ഡേ ഇന്ത്യയുടെ സംസ്‌കാരത്തിന് വിരുദ്ധമായ ആഘോഷമാണെന്ന് വിശേഷിപ്പിച്ച് ഹിന്ദു മുന്നണി എതിർത്തിരുന്നു
ശിവഗംഗ: പ്രണയദിനത്തില്‍ വിചിത്രമായ പ്രതിഷേധവുമായി ഹിന്ദു മുന്നണി. തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നായകളുടെ വിവാഹം നടത്തിയാണ് മുന്നണി പ്രതിഷേധിച്ചത്. വാലന്‍റൈന്‍സ് ഡേ ഇന്ത്യയുടെ സംസ്‌കാരത്തിന് വിരുദ്ധമായ ആഘോഷമാണെന്ന് വിശേഷിപ്പിച്ച് ഹിന്ദു മുന്നണി എതിർത്തിരുന്നു.
നായകളെ വസ്ത്രങ്ങളും മാലകളും ധരിപ്പിച്ച ശേഷം വിവാഹം കഴിപ്പിക്കുകയായിരുന്നു. തുടർന്ന്, നായകള്‍ വിവാഹിതരാണെന്ന് കാണിക്കാൻ സ്വതന്ത്രരാക്കി വിടുകയും ചെയ്തു.വാലന്‍റൈന്‍സ് ദിനത്തിൽ പൊതു ഇടങ്ങളിൽ പ്രണയികൾ മോശമായി പെരുമാറിയെന്നും ഇതിനെ എതിർക്കാനാണ് നായകളുടെ വിവാഹം നടത്തിയതെന്നും ഹിന്ദു മുന്നണി പ്രവർത്തകർ പറഞ്ഞു.പ്രണയദിനത്തില്‍ എല്ലാ വര്‍ഷവും സംഘടന പ്രതിഷേധം സംഘടിപ്പിക്കാറുണ്ട്.
നേരത്തെ ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണം ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് വിവാദമായതോടെ കേന്ദ്രം തീരുമാനം പിന്‍വലിക്കുകയായിരുന്നു. പ്രണയ ദിനം കൗ ഹഗ് ഡേയായി ആചരിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര മൃഗക്ഷേമ ബോർഡ്, സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നും അവകാശപ്പെട്ടിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമാണ് ബോർഡ് നിർദേശം നല്‍കിയിരുന്നത്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു. തീരുമാനത്തെ പിന്തുണച്ചും ന്യായീകരിച്ചും വിവിധ ബി.ജെ.പി നേതാക്കളും രംഗത്തെത്തുകയും ചെയ്തിരുന്നു.