അജ്മീർ ദർഗയിൽ ഹിന്ദുസേനയുടെ അവകാശവാദം 'അജ്മീർ: ഹിസ്റ്റോറിക്കൽ ആൻഡ് ഡിസ്‌ക്രിപ്റ്റീവ്' എന്ന പുസ്തകം ഉദ്ധരിച്ച്
|ജഡ്ജിയായി വിരമിച്ച ഹർ ബിലാസ് സർദയാണ് പുസ്തകം എഴുതിയത്.
ന്യൂഡൽഹി: അജ്മീർ ദർഗയുടെമേലുള്ള ഹിന്ദുസേനയുടെ അവകാശവാദം 1911ലെ പുസ്തകം ഉദ്ധരിച്ച് മാത്രം. 'അജ്മീർ: ഹിസ്റ്റോറിക്കൽ ആൻഡ് ഡിസ്‌ക്രിപ്റ്റീവ്' എന്ന പുസ്തകമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ജഡ്ജിയായി വിരമിച്ച ഹർ ബിലാസ് സർദയാണ് പുസ്തകം എഴുതിയത്.
ദർഗയുടെ സ്ഥലത്ത് നേരത്തെ ഒരു ശിവക്ഷേത്രമുണ്ടായിരുന്നുവെന്നാണ് പുസ്തകത്തിൽ അവകാശപ്പെടുന്നത്. ക്ഷേത്രത്തിൽ മുമ്പ് പൂജയും ജലാഭിഷേകവും നടന്നിരുന്നുവെന്നും ദർഗയിലെ നിലവറയിൽ ശിവന്റെ ചിത്രമുണ്ടെന്നാണ് പാരമ്പര്യ വിശ്വാസമെന്നും പുസ്തകത്തിൽ പറയുന്നു. അവിടെ ഒരു ബ്രാഹ്മണ കുടുംബം സ്ഥിരമായി പ്രാർത്ഥന നടത്തിയിരുന്നു, ദർഗയുടെ 75 അടി നീളമുള്ള വാതിലിന്റെ നിർമാണത്തിന് ക്ഷേത്രാവശിഷ്ടങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ചു, ദർഗയുടെ നിലവറയിൽ ശ്രീ കോവിലിന്റെ തെളിവുകൾ ഉണ്ട് തുടങ്ങിയ കാര്യങ്ങളും സർദ പുസ്തകത്തിൽ അവകാശപ്പെടുന്നു.
ഹിന്ദുസേന അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് അജ്മീർ ദർഗ ശിവക്ഷേത്രമായിരുന്നുവെന്നും അവിടെ സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആരാധനക്ക് അനുമതി നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ന്യൂനപക്ഷകാര്യ മന്ത്രാലയം, ദർഗ കമ്മിറ്റി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവർക്ക് നോട്ടീസ് അയച്ചു.