India
BBC Office In Delhi,bbc office raid,Hindu Sena,BBC Office BBC Office In Delhi In Delhi ,Hindu Sena protest,bbc documentary on modi,
India

'ഹിന്ദുക്കളെ അവഹേളിക്കുന്ന ബിബിസിയെ നിരോധിക്കണം'; പ്രതിഷേധവുമായി ഹിന്ദുസേന, ഡൽഹി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കി

Web Desk
|
15 Feb 2023 2:01 PM GMT

പ്രതിഷേധക്കാരുടെ പക്കൽനിന്ന് നിരവധി ബാനറുകളും പ്ലക്കാർഡുകളും പൊലീസ് പിടിച്ചെടുത്തു

ന്യൂഡൽഹി: ഹിന്ദുസേനയുടെ പ്രതിഷേധത്തെതുടർന്ന് ബിബിസിയുടെ ഡൽഹി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കി. രണ്ടുദിവസമായി ബിബിസിയുടെ മുംബൈ,ഡൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്. ഇതിനിടയിലാണ് ബിബിസിയുടെ ഡൽഹി ഓഫീസിന് മുന്നിൽ ഒരു സംഘം ഹിന്ദു സേന അംഗങ്ങൾ പ്രതിഷേധിച്ചത്. ഇതിനെ തുടർന്ന് ന്യൂഡൽഹി കസ്തൂർബാ ഗാന്ധി റോഡിലെ ബിബിസി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കി.

'ബിബിസി ഇന്ത്യ വിടണം' എന്ന മുദ്രാവാക്യവുമായാണ് ഹിന്ദുസേന പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരുടെ പക്കൽനിന്ന് നിരവധി ബാനറുകളും പ്ലക്കാർഡുകളും പൊലീസ് പിടിച്ചെടുത്തു. അതേസമയം, ഹിന്ദുമതത്തെ കുറിച്ച് ബിബിസി അഭിപ്രായപ്രകടനം നടത്തുന്നുണ്ടെന്നും അതിനാലാണ് വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന പാശ്ചാത്യ സംസ്‌കാരത്തെ ഹിന്ദുസേന എതിർക്കുന്നതെന്നും ഹിന്ദുസേന ഡൽഹി പ്രസിഡന്റ് ദീപക് മാലിക് ആരോപിച്ചു. ഞങ്ങൾ നിശബ്ദമായാണ് പ്രതിഷേധിക്കുന്നത്. ഹിന്ദുക്കളെ അവഹേളിക്കുന്നതിനാൽ ബിബിസി നിരോധിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നെന്നും ദീപക് പറഞ്ഞതായി റിപ്പബ്ലിക് വേൾഡ് റിപ്പോർട്ട് ചെയ്തു. ബിബിസിയുടെ ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുംബൈ, ഡൽഹി ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ബുധനാഴ്ചയും റെയ്ഡ് തുടർന്നിരുന്നു.റെയ്ഡിന്റെ ഭാഗമായി ഇന്നലെ രാത്രി മുഴുവൻ ഉദ്യോഗസ്ഥർ ബിബിസി ഓഫിസിൽ തന്നെ തുടർന്നു. രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. നോട്ടീസ് നൽകിയിട്ടും ബിബിസിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകൾക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അക്കൗണ്ട്‌സ് വിഭാഗത്തിൽ നടക്കുന്ന പരിശോധനയിൽ 10 വർഷത്തെ കണക്കുകൾ വിശദമായി പരിശോധിക്കുന്നു. ഓഫീസിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ വീടുകളിലേക്ക് മടങ്ങി. വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്ന് ബിബിസി ജീവനക്കാരോട് നിർദേശിച്ചു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ടെന്ന് ബി.ബി.സി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ബി.സി വ്യക്തമാക്കി.




Similar Posts