India
പിതാവിന്‍റെ അന്ത്യാഭിലാഷം; ഈദ് ഗാഹിന് ഒന്നര കോടിയുടെ സ്ഥലം വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍
India

പിതാവിന്‍റെ അന്ത്യാഭിലാഷം; ഈദ് ഗാഹിന് ഒന്നര കോടിയുടെ സ്ഥലം വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍

Web Desk
|
5 May 2022 5:32 AM GMT

"മതസൗഹാര്‍ദത്തിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഈ സഹോദരിമാര്‍. ഈദ് ഗാഹ് കമ്മിറ്റി അവരോടുള്ള കടപ്പാട് അറിയിക്കുന്നു"

ഡെറാഡൂണ്‍: പിതാവിന്‍റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഈദ്ഗാഹിന് ഒന്നര കോടി രൂപയുടെ സ്ഥലം വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍. രണ്ട് ഏക്കറിലധികം വരുന്ന സ്ഥലമാണ് നല്‍കിയത്. ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗര്‍ ജില്ലയിലെ കാശിപൂരിലാണിത്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വര്‍ഗീയ സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ വരുന്നതിനിടെയാണ് സാഹോദര്യത്തിന്‍റെ ഈ നല്ല വാര്‍ത്തയും വരുന്നത്.

സരോജ്, അനിത എന്നീ സഹോദരിമാരാണ് അച്ഛന്‍റെ അന്ത്യാഭിലാഷം നിറവേറ്റിയത്. ഇവരുടെ അച്ഛന്‍ ബ്രജ്‌നന്ദന്‍ രസ്‌തോഗി 2003ലാണ് അന്തരിച്ചത്. കുടുംബത്തില്‍ ചിലരോട് മാത്രമാണ് അദ്ദേഹം മുസ്‍ലിം സഹോദരങ്ങള്‍ക്കായി തന്‍റെ സ്വത്തിന്‍റെ ഒരു ഭാഗം നല്‍കണമെന്ന ആഗ്രഹം പറഞ്ഞിരുന്നത്. മക്കള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അടുത്ത കാലത്താണ് സഹോദരിമാര്‍ അച്ഛന്‍റെ അന്ത്യാഭിലാഷത്തെ കുറിച്ച് അറിഞ്ഞത്.

സരോജ് ഡല്‍ഹിയിലും അനിത മീററ്റിലുമാണ് താമസം. ഇവര്‍ക്ക് രാകേഷ് രസ്തോഗി എന്ന സഹോദരനുമുണ്ട്. സഹോദരനുമായി കൂടിയാലോചിച്ചാണ് സഹോദരിമാര്‍ ഈദ് ഗാഹിന് ഭൂമി നല്‍കിയത്.

"മതമൈത്രിയില്‍ അടിയുറച്ച് വിശ്വസിച്ചയാളാണ് എന്‍റെ പിതാവ്. അദ്ദേഹം ഈദ്ഗാഹിന് സ്ഥലം നല്‍കാന്‍ ആഗ്രഹിച്ചു. അവിടെ ഒരുപാടു പേര്‍ക്ക് ഒരുമിച്ച് നമസ്കരിക്കാന്‍ കഴിയും. അച്ഛന്‍റെ അവസാന ആഗ്രഹം നടപ്പിലാക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. എന്‍റെ സഹോദരിമാര്‍ അച്ഛന്‍റെ ആത്മാവിന് സന്തോഷം ലഭിക്കുന്ന പ്രവൃത്തിയാണ് ചെയ്തത്"- രാകേഷ് പ്രതികരിച്ചു.

"ബ്രജ്‌നന്ദന്‍ രസ്‌തോഗി ജീവിച്ചിരുന്ന കാലത്ത്, എല്ലാ ആഘോഷങ്ങളിലും ആദ്യ സംഭാവന അദ്ദേഹമാണ് നല്‍കിയിരുന്നത്. വലിയ മനുഷ്യനായിരുന്നു അദ്ദേഹം. എന്‍റെ പിതാവും അദ്ദേഹവും നല്ല സുഹൃത്തുക്കളായിരുന്നു. അവരുടെ സൌഹൃദം എന്നെ പലതും പഠിപ്പിച്ചു. മതസൌഹാര്‍ദത്തിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഈ സഹോദരിമാര്‍. ഈദ് ഗാഹ് കമ്മിറ്റി അവരോടുള്ള കടപ്പാട് അറിയിക്കുന്നു. അവരെ ആദരിക്കുന്ന ചടങ്ങ് ഉടന്‍ നടത്തും"- ഈദ്ഗാഹ് കമ്മിറ്റി അംഗമായ ഹസിന്‍ ഖാന്‍ പറഞ്ഞു.

പ്രദേശത്തെ മതസഹോദര്യത്തെ കുറിച്ചും ഹസിന്‍ ഖാന്‍ പറഞ്ഞു- "ഈദ്ഗാഹിനു സമീപം ഗുരുദ്വാരയും ഹനുമാൻ ക്ഷേത്രവും ഉണ്ട്. ഒരിക്കലും ഇവിടെ സംഘർഷം ഉണ്ടായിട്ടില്ല ഹനുമാൻ മന്ദിറിലെ പുരോഹിതൻ പെരുന്നാൾ നമസ്‌കാരത്തിന്റെ സമയം എന്നെ വിളിച്ചു ചോദിച്ചു. രാവിലെ 9 മണിയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ആ സമയത്ത് ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫാക്കുമെന്ന് അദ്ദേഹം പറഞ്ഞു".

Summary- Fulfilling their late father's last wish, two Hindu sisters donated four bighas worth over ₹ 1.5 crore to an Eidgah here, a gesture that touched Muslims so much that they offered prayers for the dead man on Eid

Related Tags :
Similar Posts