പള്ളിയും അമ്പലവും എല്ലാം ചേർന്നതാണ് ഹിന്ദുസ്ഥാൻ; ബി.ജെ.പി ഭീതി വിതയ്ക്കുന്നു: രാഹുൽ ഗാന്ധി
|മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും യാത്രയിൽ അണിചേർന്നു.
ന്യൂഡൽഹി: യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി ഹിന്ദു-മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ചെങ്കോട്ടയിൽ ഭാരത് ജോഡോ യാത്രയുടെ ഡൽഹിയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിയും അമ്പലവും എല്ലാം ചേർന്നതാണ് ഹിന്ദുസ്ഥാൻ. മാധ്യമങ്ങൾ എല്ലാ വിഷയങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. 24 മണിക്കൂറും ഹിന്ദു-മുസ്‌ലിം എന്ന് മാത്രമാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ എല്ലാവരും പരസ്പരം സ്‌നേഹിക്കുന്നതാണ് താൻ ഈ യാത്രയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി രാജ്യത്ത് ഭീതി വിതക്കുകയാണ്. ബി.ജെ.പി സർക്കാരല്ല അദാനി-അംബാനി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഡിഗ്രിക്കാർ രാജ്യത്ത് പക്കോട വിൽക്കുകയാണ്. ആയിരം കോടി ചെലവിട്ട് നുണപ്രചാരണം നടത്തിയിട്ടും താനൊന്നും മിണ്ടിയില്ല. സത്യം തനിക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും യാത്രയിൽ അണിചേർന്നു. ഐ.ടി.ഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരമാണ് കമൽ രാഹുലിനൊപ്പം സഞ്ചരിച്ചത്. കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും യാത്രയിൽ പങ്കെടുത്തു. ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തിലും കമൽ സംസാരിച്ചു.
ഭരണഘടന ആക്രമിക്കപ്പെട്ടാൽ താൻ തെരുവിൽ ഇറങ്ങുമെന്ന് കമൽഹാസൻ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ആരാണ് എന്നത് തനിക്ക് വിഷയമല്ല. രാജ്യത്തിന് ഒരു പ്രതിസന്ധി ഉണ്ടായാൽ നമ്മളെല്ലാം ഒന്നാണ്. ഇന്ത്യക്കാരനായിട്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും കമൽഹാസൻ പറഞ്ഞു.