ലഖ്‌നൗ ലുലു മാളിനുമുന്നിൽ ഹനുമാൻ ചാലീസ ചൊല്ലാൻ ശ്രമം; ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരുന്നു
|വിവാദങ്ങൾക്ക് പിന്നാലെ ഹാളിൽ പ്രാർത്ഥനയ്ക്ക് അനുമതിയില്ലെന്ന ബോർഡ് ലുലു മാൾ അധികൃതർ സ്ഥാപിച്ചിരുന്നു
ലഖ്‌നൗ: അടുത്തിടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ ഉദ്ഘാടനം ചെയ്ത ലുലു മാളിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. മാളിൽ നമസ്‌കാരം നടന്നതിൽ പ്രതിഷേധിച്ച് ബജ്രങ്ദൾ, കർണിസേന, ഹിന്ദു യുവമഞ്ച്, ഹിന്ദു സമാജ് പാർട്ടി തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരാണ് പ്രതിഷേധവുമായി സംഘടിച്ചത്. മാളിനുമുൻപിൽ ഹനുമാൻ ചാലീസ ചൊല്ലുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത 20ഓളം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാളിനകത്ത് ഹനുമാൻ ചാലീസ ചൊല്ലിയ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹമാണ് മാളിനുമുൻപിൽ വിന്യസിച്ചിരിക്കുന്നത്. സമീപത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ഡ്രോൺ കാമറകളക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വിവാദങ്ങൾക്ക് പിന്നാലെ ഹാളിൽ പ്രാർത്ഥനയ്ക്ക് അനുമതിയില്ലെന്ന ബോർഡ് ലുലു മാൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ, ഹാളിൽ ഏതാനും വിശ്വാസികൾ നമസ്‌കാരം നിർവഹിച്ചതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ, ഹിന്ദു മഹാസഭ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ രംഗത്തുവന്നിരുന്നു. നമസ്‌കാരം ഇനിയും അനുവദിച്ചാൽ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു സംഘടനകളുടെ ഭീഷണി.
മാൾ അധികൃതരുടെ പരാതി പ്രകാരം സംഭവത്തിൽ നമസ്‌കരിച്ചവർക്കെതിരെ യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്. മാൾ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈന്റെ പരാതിയെ തുടർന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമം; മൂന്നുപേർ കസ്റ്റഡിയിൽ
അതിനിടെ, മാളിനകത്ത് രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സമാജ് പ്രവർത്തകരാണ് പിടിയിലായത്. നേരത്തെ, നമസ്‌കാരം ആവർത്തിച്ചാൽ മാളിൽ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്ന് ഹിന്ദു മഹാസഭ ഭീഷണി മുഴക്കിയിരുന്നു.
'മാളിൽ നമസ്‌കാരം തുടർന്നാൽ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കും. മാളിൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാൾ നിർമിക്കാൻ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധർമം ആചരിക്കുന്നവർ മാൾ ബഹിഷ്‌കരിക്കണം'- എന്നായിരുന്നു ഹിന്ദുമഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
ആർ.എസ്.എസ് മുഖവാരികയായ 'ഓർഗനൈസർ' അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റർ ഹാൻഡിലുകൾ നമസ്‌കാരത്തിന്റെ വിഡിയോ പങ്കുവച്ചു. 'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നുകൊടുത്ത ലുലുമാളിൽ മുസ്‌ലിംകൾ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിംകളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ് എന്നാണ് പറയപ്പെടുന്നത്' - എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പങ്കുവച്ചിരുന്നത്.
Summary: Hindutva activists protest outside Lulu Mall in Lucknow, 20 arrested