‘ദലിതർ ഇന്ത്യ വിടൂ’; ജെ.എൻ.യു കാമ്പസിൽ ദലിത് വിരുദ്ധ സന്ദേശങ്ങളുമായി ഹിന്ദുത്വ വാദികൾ
|പ്രതിഷേധിച്ച് വിദ്യാർഥികൾ
ന്യൂഡൽഹി: ജവഹർ ലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ ചുവരുകളിൽ ദലിത് വിരുദ്ധ സന്ദേശങ്ങൾ കണ്ടെത്തിയതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. ‘ചമർ ഇന്ത്യ വിടൂ’, ‘ദലിതർ ഇന്ത്യ വിടൂ’, ‘ബ്രാഹമണ-ബനിയ സിന്ദാബാദ്’, ‘ഹിന്ദു-ആർ.എസ്.എസ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളാണ് കാമ്പസിലെ കാവേരി ഹോസ്റ്റൽ ചുമരിൽ കണ്ടെത്തിയത്. സംഭവം വിദ്യാർഥികൾക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും വിദ്യാർഥി യൂനിയൻ പ്രകടനം നടത്തുകയും ചെയ്തു.
കാവേരി ഹോസ്റ്റലിൽ നടന്ന സംഭവത്തെ ശക്തമായി അപലപിക്കുകയും ഇതിനെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുമെന്ന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂനിയൻ പ്രസിഡന്റ് ധനഞ്ജയ് പറഞ്ഞു. ‘ഈ രാജ്യത്ത് അധികാരത്തിലിരിക്കുന്ന അതേ ശക്തികൾ തന്നെയാണ് ജെ.എൻ.യു കാമ്പസിലുമുള്ളത്. ഈ ശക്തികൾ ദലിത്, ആദിവാസി, ബഹുജനങ്ങൾ, മുസ്‍ലിംകൾ, സ്ത്രീകൾ എന്നിവർക്കെതിരെയെല്ലാം അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഇവരെയെല്ലാം കാമ്പസിൽനിന്ന് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യം. വിദ്യാർഥികൾ ഒരുമിച്ചിരുന്ന് പഠിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. എന്തൊക്കെയായാലും നമ്മൾ ഒരുമിച്ചാണ് ജെ.എൻ.യു നിർമിച്ചത്. ഇത് എല്ലായ്പ്പോഴും സമത്വത്തിന്റെയും തുല്യതയുടെയും സ്ഥലമായിരിക്കും. ഈ ശക്തികൾക്കെതിരെ ഞങ്ങൾ പോരാട്ടം തുടരും. അത് എങ്ങനെ ഫലപ്രദമായി ചെയ്യാമെന്ന് ഞങ്ങൾക്കറിയാം’ -ധനഞ്ജയ് വ്യക്തമാക്കി. യുനൈറ്റഡ് ലെഫ്റ്റിന്റെ ബാനറിലാണ് ദലിത് വിദ്യാർഥിയായ ധനഞ്ജയ് മത്സരിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റാകുന്നത്.
ദലിത് വിരുദ്ധ പരാമർങ്ങളെ കാവേരി ഹോസ്റ്റൽ കമ്മിറ്റി അംഗം അബ്ദുൽ കലാമും അപലപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വ്യത്യസ്ത മത, സമുദായങ്ങളിലെ വിദ്യാർഥികൾ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ കാമ്പസിലെ അന്തരീക്ഷത്തെയും സാമൂഹിക സൗഹാർത്തെയും തകർക്കുമെന്നും അബ്ദുൽ കലാം വ്യക്തമാക്കി.
ദലിത് വിരുദ്ധ സന്ദേശങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സർവകലാശാല അധികൃതരെത്തി ചുമര് വൃത്തിയാക്കുകയും പുതുതായി പെയിന്റ് ചെയ്യുകയുമുണ്ടായി. സംഭവം വിദ്യാർഥികൾ സർവകലാശാല അധികൃതരെയും പൊലീസിനെയും അറിയിച്ചിരുന്നു. ഈ സന്ദേശങ്ങൾക്ക് പിന്നിലുള്ള വ്യക്തികൾ ആരാണെന്ന് അറിയുന്നവർ ഇ-മെയിൽ വഴി അറിയിക്കണമെന്ന് കാവേരി ഹോസ്റ്റൽ വാർഡൻ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും സി.സി.ടി.വി കാമറകൾ ഹോസ്റ്റലിൽ സ്ഥാപിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
സംഭവം തങ്ങൾ പൊലീസിലും സർവകലാശാല അധികൃതരെയും അറിയിച്ചതിന് പിന്നാലെ അധികൃതരെത്തി മായ്ക്കുകയായിരുന്നുവെന്ന് എൻ.എസ്.യു ജെ.എൻ.യു യൂനിറ്റ് ജനറൽ സെക്രട്ടറി കുനാൽ കുമാർ പറഞ്ഞു. ‘ഇതൊരു സുപ്രധാന സംഭവമാണ്. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മനുവാദി, ബ്രാഹ്മണ ആശയക്കാരുടെ ധൈര്യം വർധിച്ചിരിക്കുകയാണ്. മുദ്രാവാക്യങ്ങൾ ചുമരുകളിൽനിന്ന് അവർ മായിച്ചിട്ടുണ്ട്. എന്നാൽ, അത്തരം ആളുകളുടെ മനസ്സിൽനിന്ന് ഇത് എങ്ങനെ നീക്കം ചെയ്യാനാകും’ -കുനാൽ കുമാർ ചോദിച്ചു.
കാവേരി ഹോസ്റ്റലിൽ നടന്നത് വെറും മുദ്രാവാക്യം മാത്രമല്ലെന്ന് ‘ബാപ്സ’ അംഗം പ്രമോദ് പറഞ്ഞു. ഈ വ്യക്തികൾ അംബേദ്കറൈറ്റ് സമുദായത്തെ ഒന്നാകെയാണ് ലക്ഷ്യമിടുന്നത്. ഇത് ബ്രാഹ്മണ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കുന്നവർക്ക് നേരെയുള്ള ആക്രമണമാണ്. ഗ്രാമങ്ങളിൽ ദലിതരോട് ജാതിയുടെ അടിസ്ഥാനത്തിൽ എങ്ങനെയാണോ പെരുമാറുന്നത്, അതേ സാഹചര്യമാണ് ജെ.എൻ.യുവിലും വളർന്നുവരുന്നത്.
ബ്രാഹ്മണിസം ഇന്ത്യയിൽനിന്ന് പോകണമെന്ന് കാമ്പസിൽ ഒരിക്കൽ എഴുതിയപ്പോൾ അത് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. വൈസ് ചാൻസലർ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ, ഇപ്പോൾ ഇത്തരമൊരു സംഭവം ഉണ്ടായപ്പോൾ അവർ നോട്ടീസ് നൽകുക മാത്രമാണ് ചെയ്തത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്’ -പ്രമോദ് കൂട്ടിച്ചേർത്തു.
കാമ്പസിൽ ദലിത്, ബഹുജൻ, ആദിവസി, മുസ്‍ലിം, മറ്റു വിഭാഗങ്ങൾ എന്നിവർക്ക് നേരെ ജാതിപരവും വർഗീയവുമായ പരാമർശങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ടെന്ന് ‘ബാപ്സ’ അംഗങ്ങൾ മക്തൂബ് മീഡിയയോട് വ്യക്തമാക്കി. തങ്ങളുടെ സംഘടനയുടെ പോസ്റ്ററുകൾ പതിക്കുമ്പോഴെല്ലാം അതിൽ അശ്ലീലവും ജതീയവുമായ കമന്റുകൾ എഴുതുകയും അവ നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്നും വിദ്യാർഥികൾ ആരോപിച്ചു.