ബ്രിട്ടീഷ് ഫുട്‌ബോൾ തെമ്മാടിക്കൂട്ടത്തിനു സമാനമാണ് ഹിന്ദുത്വയെന്ന് ശശി തരൂർ
|കങ്കണ കുറച്ചെങ്കിലും ചരിത്രം വായിക്കേണ്ടതുണ്ട്. ഗാന്ധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ അവർക്ക് ഒരു ധാരണയുമില്ലെന്നാണ് തോന്നുന്നത്-ശശി തരൂർ എംപി പറഞ്ഞു
ഹിന്ദൂയിസം-ഹിന്ദുത്വ സംവാദങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാവ് ശശി തരൂരും. ബ്രിട്ടീഷ് ഫുട്‌ബോൾ ടീമിന്റെ ആരാധകരായ തെമ്മാടിക്കൂട്ടതിനു സമാനമായ രാഷ്ട്രീയ തത്വശാസ്ത്രമാണ് ഹിന്ദുത്വയെന്ന് അദ്ദേഹം പ്രതികരിച്ചു. വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും മതമാണ് ഹിന്ദൂയിസമെന്നും തരൂർ കൂട്ടിച്ചേർത്തു.
അലിഫ് പ്രസിദ്ധീകരിച്ച Pride, Prejudice and Punditry: The Essential Shashi Tharoor എന്ന പുസ്തകത്തിന്റെ പ്രകാശനത്തിലായിരുന്നു തരൂറിന്റെ പ്രതികരണം. ഇതാണ് എന്റെ ടീം, മറ്റൊരു ടീമിനെ നിങ്ങൾ പിന്തുണച്ചാൽ തല്ലുമേടിക്കുമെന്നു പറയുന്നവരാണ് ബ്രിട്ടീഷ് ഫുട്‌ബോൾ ടീമിന്റെ ആരാധകരാണെന്ന പേരിൽ സജീവമായ തെമ്മാടിക്കൂട്ടം. അവർക്കു തുല്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ. എന്നാൽ, ഹിന്ദൂയിസം അങ്ങനെയല്ല. വൈവിധ്യം, ബഹുസ്വരത, സഹിഷ്ണുത, സംശയത്തിന്റെയും അന്വേഷണത്തിന്റെയും ചോദ്യംചോദിക്കലുകളുടെയുമെല്ലാം തത്വചിന്ത തുടങ്ങിയവയെല്ലാം ചേർന്ന മതമാണ് ഹിന്ദൂയിസം-നോവലിസ്റ്റ് ഡെവിഡ് ഡെവിഡാറുമായുള്ള അഭിമുഖ സംഭാഷണത്തിൽ തരൂർ പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചും ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ അഭിപ്രായ പ്രകടനങ്ങളോട് തരൂർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലും പ്രതികരിച്ചു. കങ്കണ ചരിത്രം കുറച്ചെങ്കിലും വായിക്കേണ്ടതുണ്ട്. ഗാന്ധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ അവർക്ക് ഒരു ധാരണയുമില്ലെന്നാണ് തോന്നുന്നത്. നിങ്ങളുടെ നിയമം അനീതിപരമാണെന്നും താൻ നിങ്ങളുടെ നിയമം ലംഘിക്കുകയാണെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞയാളാണ് ഗാന്ധി. എന്റെ ശിക്ഷിച്ചോളോ, പക്ഷെ നിങ്ങൾക്കുള്ള ശിക്ഷ ഞാനും തരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അത് യാചനയാണോയെന്നും തരൂർ ചോദിച്ചു.
Summary: Congress leader Shashi Tharoor has called Hindutva a political ideology akin to "the British football-team hooligan who says this is my team and if you support another team, I will hit you", in support with Salman Khurshid