India
Hindutva Leader Stopped From Purifying Taj Mahal With Ganga Water and Cow Dung
India

'താജ്മഹൽ ഹിന്ദു ക്ഷേത്രം'; ശുദ്ധിയാക്കാൻ ചാണകവും ഗംഗാജലവുമായി വന്ന ഹിന്ദുത്വനേതാവിനെ തടഞ്ഞ് പൊലീസ്

Web Desk
|
15 Sep 2024 9:55 AM GMT

ശനിയാഴ്ച നടന്ന മറ്റൊരു സംഭവത്തിനു പിന്നാലെയായിരുന്നു ഇയാളുടെ വരവ്.

ആ​ഗ്ര: ചരിത്ര സ്മാരകവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവും ലോകാത്ഭുതങ്ങളിൽ ഒന്നുമായ താജ്‌മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ശുദ്ധീകരിക്കാനായി പശുവിൻ്റെ ചാണകവും ഗംഗാജലവുമായി എത്തി ഹിന്ദുത്വസംഘടനാ നേതാവ്. ഇന്നു രാവിലെയായിരുന്നു സംഭവം. അഖില ഭാരത ഹിന്ദു മഹാസഭ കൺവീനർ ഗോപാൽ ചാഹർ ആണ് പശുച്ചാണകവുമായി എത്തിയത്. താജ്മഹൽ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ഇയാളുടെ ശ്രമം സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞു.

ശനിയാഴ്ച നടന്ന മറ്റൊരു സംഭവത്തിനു പിന്നാലെയായിരുന്നു ഇയാളുടെ വരവ്. താജ്മഹൽ പരിസരത്ത് ഒരു വിനോദസഞ്ചാരി മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. വിനോദസഞ്ചാരിയുടെ പ്രവൃത്തി ഒരു ക്ഷേത്രമായ താജ്മഹലിനെ അശുദ്ധമാക്കിയെന്നും അതിനാൽ ശുദ്ധീകരിക്കാനാണ് താൻ പശുച്ചാണകവും ​ഗം​ഗാജലവുമായി എത്തിയതെന്നുമായിരുന്നു ഇയാളുടെ വാദം.

എന്നാൽ അകത്തേക്ക് കടത്തിവിടാൻ തയാറാവാതിരുന്നതോടെ പൊലീസിനെതിരെ ഇയാൾ രം​ഗത്തെത്തി. താജ്മഹലിൻ്റെ കവാടത്തിൽ തന്നെയും കൂട്ടാളികളെയും പൊലീസ് തടഞ്ഞുവെന്നും ഈ വിഷയം തങ്ങൾ കോടതിയിൽ എത്തിക്കുമെന്നും ഗോപാൽ ചാഹർ മാധ്യമങ്ങളോട് പറഞ്ഞു.

താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹിന്ദുത്വനേതാക്കൾ രം​ഗത്തവരുന്നത് ഇതാദ്യമല്ല. ​ആ​ഗസ്റ്റ് ആറിന്, താജ്മഹലിനുള്ളില്‍ ജലാഭിഷേകത്തിന് ശ്രമം നടത്തുകയും കാവിക്കൊടി വീശുകയും ചെയ്ത സ്ത്രീ പിടിയിലായിരുന്നു. തീവ്ര ഹിന്ദുത്വസംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭാ പ്രവർത്തക മീരാ റാത്തോഡിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട താജ് മഹലിൽ സമാന ആചാരം നടത്തിയതിന് അതിന് രണ്ടുദിവസം മുമ്പും ഇതേ സംഘടനയിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആഗ്ര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

2019ൽ, മീന ദിവാകർ എന്ന സ്ത്രീയും താജ്മഹലിൽ അതിക്രമിച്ചു കടന്ന് ശിവ ആരതി നടത്തിയിരുന്നു. ഈ സംഭവത്തിൽ ആറ് കേസുകളാണ് മീന ദിവാകറിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തത്.

Similar Posts