''ചരിത്രം ചരിത്രമാണ്, അത് തിരുത്തിയെഴുതരുത്''; ബി.ജെ.പിക്കു മുന്നറിയിപ്പുമായി എൻ.ഡി.എ ഘടകകക്ഷി ജെ.ഡി(യു)
|ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ അടക്കമുള്ള സുപ്രധാനമായ ചരിത്ര സംഭവങ്ങളും നർമദ ബച്ഛാവോ ആന്ദോളൻ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെയുമെല്ലാം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് അടുത്തിടെ നീക്കിയിരുന്നു
പാട്ന: ചരിത്രം തിരുത്തിയെഴുതാനുള്ള വിവിധ ബി.ജെ.പി സർക്കാരുകളുടെ നീക്കത്തിൽ കടുത്ത വിമർശനവുമായി എൻ.ഡി.എ സഖ്യകക്ഷി ജനതാദൾ-യുനൈറ്റഡ്. ചരിത്രം ചരിത്രമാണെന്നും അത് തിരുത്തിയെഴുതാൻ പറ്റില്ലെന്നും ജെ.ഡി(യു) ദേശീയ വക്താവും രാജ്യസഭാ അംഗവുമായ കെ.സി ത്യാഗി വ്യക്തമാക്കി. ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ അടക്കമുള്ള സുപ്രധാനമായ ചരിത്ര സംഭവങ്ങളും നർമദ ബച്ഛാവോ ആന്ദോളൻ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെയുമെല്ലാം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് നീക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ചരിത്രം തിരുത്തിയെഴുതാനോ മാറ്റിയെഴുതാനോ പറ്റില്ല. ചരിത്രം ചരിത്രമാണ്. ചരിത്രത്തിൽ സംഭവിച്ച എന്തും, നല്ലതോ ചീത്തയോ ആവട്ടെ, തിരുത്താൻ കഴിയില്ല. ഇക്കാര്യത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടും വ്യക്തമാണ്. ചരിത്രം മാറ്റിയെഴുതരുതെന്ന് അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയതാണ്.''-കെ.സി ത്യാഗി പറഞ്ഞു. സ്വന്തമായി ചരിത്രം രചിക്കുമെന്ന തരത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ നിതീഷ് കുമാർ വിമർശിച്ചിരുന്നു.
ചരിത്രം എങ്ങനെയാണോ അങ്ങനെത്തന്നെ ഭാവിതലമുറയും ഇപ്പോഴത്തെ തലമുറയും അറിയണം. അടിയന്തരാവസ്ഥയെക്കുറിച്ചുമുള്ള പാഠം ഒഴിവാക്കിയത് എന്തിനായിരുന്നു? എൻ.ഡി.എ മുന്നണി ജൂൺ 25ന് യോഗം ചേർന്ന് അടിയന്തരാവസ്ഥയെ അപലപിക്കാൻ നിൽക്കുകയാണ്. മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ നിയമങ്ങളുടെയും ലംഘനങ്ങളുടെ പാഠമായി ചരിത്രം ചരിത്രവിദ്യാർത്ഥികൾക്ക് പഠിക്കാനാകണമെന്നും ത്യാഗി കൂട്ടിച്ചേർത്തു.
എൻ.സി.ഇ.ആർ.ടിയുടെ വെട്ടിനിരത്തൽ
2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നടത്തുന്ന വൻ വെട്ടിനിരത്തലുകൾ 'ഇന്ത്യൻ എക്സ്പ്രസ്' പുറത്തുവിട്ടിരുന്നു. ബിജെപിയെയും ആർഎസ്എസിനെയും പ്രതിരോധത്തിലാക്കുന്നതുമായ പാഠഭാഗങ്ങളാണ് ഒഴിവാക്കുന്നത്. മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ പാഠപുസ്തകങ്ങളിൽ നടത്തിയ വെട്ടിനിരത്തലുകളെക്കുറിച്ചുള്ള വാർത്താ പരമ്പരയായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള വിവരങ്ങൾ, അടിയന്തരാവസ്ഥ ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കുമുണ്ടാക്കിയ ആഘാതങ്ങൾ, നർമദാ ബഛാവോ ആന്ദോളൻ, ഭാരതീയ കിസാൻ യൂനിയൻ തുടങ്ങിയ സാമൂഹിക മുന്നേറ്റ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് നീക്കിയിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്നാണ് ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയത്. 'സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം' എന്ന അധ്യായം പൂർണമായും ഒഴിവാക്കി. ഗുജറാത്ത് കലാപത്തിന്റെ പേരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ വിമർശനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 'മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് അപകടമാണ് എന്നതിന്റെ തെളിവാണ് ഗുജറാത്ത് കലാപം പോലുള്ള സംഭവങ്ങൾ. ഇത് ജനാധിപത്യ രാഷ്ട്രീയത്തിന് വെല്ലുവിളിയാണ്'-മനുഷ്യാവകാശ കമ്മീഷന്റെ ഈ നിരീക്ഷണം അടക്കം ഒഴിവാക്കിയ ഭാഗത്തുണ്ടായിരുന്നു.
കലാപസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സർക്കാറിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശവും ഒഴിവാക്കിയ പാഠഭാഗത്തുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി രാജധർമം പാലിക്കണം എന്ന വാജ്പേയിയുടെ പ്രശസ്തമായ പരാമർശം ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇതും ഒഴിവാക്കിയിട്ടുണ്ട്.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നാം തവണയാണ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. 2017ലാണ് ആദ്യമായി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്. അധികവിവരങ്ങൾ കൂട്ടിച്ചേർക്കലും തെറ്റുതിരുത്തലും അടക്കം 182 പുസ്തകങ്ങളിലായി 1,334 മാറ്റങ്ങളാണ് അന്ന് വരുത്തിയത്. 2019ലാണ് രണ്ടാമതായി പുസ്തകങ്ങൾ പരിഷ്കരിച്ചത്. അന്ന് കുട്ടികളുടെ പഠനഭാരം കുറയ്ക്കാനെന്ന പേരിലാണ് നിരവധി പാഠഭാഗങ്ങൾ ഒഴിവാക്കിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറു മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതിയുടെ ഉള്ളടക്കം കുറച്ച് യുക്തിസഹമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നടപ്പാക്കുന്ന പരിഷ്കാരമെന്നാണ് എൻ.സി.ഇ.ആർ.ടി ഉദ്യോഗസ്ഥൻ നൽകുന്ന വിശദീകരണം.
Summary: ''History is history, cannot be reversed'', BJP ally JDU slams move to rewrite NCERT history and Political science syllabus