ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയങ്ങള്‍ ഇന്ദിരാഗാന്ധിക്കെതിരെ, താഴെവീണത് 3 സർക്കാരുകൾ: ഇന്ത്യയിലെ അവിശ്വാസ പ്രമേയങ്ങളുടെ ചരിത്രം
|1979ൽ മൊറാർജി ദേശായി സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പ് നടക്കാതിരുന്നിട്ടും അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചു
ഡല്‍ഹി: ലോക്‌സഭയിൽ ഇതുവരെ 27 തവണയാണ് അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടത്. മിക്കവയും പരാജയപ്പെടുകയോ അനിശ്ചിതത്വത്തിലാവുകയോ ചെയ്തു. പക്ഷെ മൂന്നു തവണ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാരുകള്‍ താഴെ വീഴുന്ന സ്ഥിതിയുണ്ടായി. ചട്ടം 198 പ്രകാരമാണ് ലോക്‌സഭയിൽ പ്രതിപക്ഷം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാറുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങൾ വന്നത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾക്കെതിരെയാണ്- 15 എണ്ണം. 1979ൽ മൊറാർജി ദേശായി സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പ് നടക്കാതിരുന്നിട്ടും അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചു. 1990ലെ വി.പി സിങ് സർക്കാർ, 1997ലെ എച്ച്.ഡി ദേവഗൗഡ സർക്കാർ, 1999ലെ അടൽ ബിഹാരി വാജ്പേയി സർക്കാർ എന്നിവയാണ് വോട്ടെടുപ്പിനെ തുടര്‍ന്ന് വീണ സര്‍ക്കാരുകള്‍.
1990 നവംബർ 7ന് വി.പി സിങ് മന്ത്രിസഭയുടെ കാലത്ത് വിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടു. രാമക്ഷേത്ര വിഷയത്തിൽ ബി.ജെ.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് വി.പി സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടു. 1997 ഏപ്രില്‍ 11ന് എച്ച്.ഡി ദേവഗൗഡ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. 292 എം.പിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ 158 എംപിമാർ മാത്രമാണ് പിന്തുണച്ചത്. ഇതോടെ 10 മാസത്തെ സഖ്യസർക്കാർ വീണു. 1999 ഏപ്രിൽ 17ന് ഒരു വോട്ടിനാണ് അടല്‍ ബിഹാരി വായ്പേയി വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) പിന്തുണ പിന്‍വലിച്ചതോടെ ഒരു വോട്ടിന് വാജ്പേയി സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.
അവിശ്വാസ പ്രമേയങ്ങളുടെ പട്ടിക
1963 ആഗസ്ത് - പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ 1963 ആഗസ്തിലെ മൂന്നാം ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് ആചാര്യ കൃപലാനിയാണ് ആദ്യത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 1962ലെ ചൈന യുദ്ധത്തിനു പിന്നാലെയായിരുന്നു ഇത്. നാല് ദിവസമായി 20 മണിക്കൂറിലധികം ചർച്ചകൾ നീണ്ടു. 62 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 347 പേർ അന്ന് എതിർത്തു.
1964 സെപ്തംബര്‍- ലാൽ ബഹദൂർ ശാസ്ത്രിയുടെ സർക്കാരിനെതിരെ സ്വതന്ത്ര എം.പി എൻ.സി ചാറ്റർജി അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1964 സെപ്തംബർ 18ന് വോട്ടെടുപ്പ് നടന്നു. 307 എംപിമാർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 50 പേർ അനുകൂലിച്ചു. പ്രമേയം പരാജയപ്പെട്ടു.
1965 മാര്‍ച്ച്- ലാൽ ബഹദൂർ ശാസ്ത്രി സർക്കാരിനെതിരെ എസ്.എൻ ദ്വിവേദിയാണ് പ്രമേയം അവതരിപ്പിച്ചത്. 1965 മാർച്ച് 16ന് നടന്ന ചർച്ചയിൽ 44 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 315 പേർ എതിർത്ത് വോട്ട് ചെയ്തു. പ്രമേയം പരാജയപ്പെട്ടു.
1965 ആഗസ്ത്- സ്വതന്ത്ര പാർട്ടിയുടെ എം.പി എം.ആർ മസാനിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 1965 ആഗസ്ത് 26ന് വോട്ടെടുപ്പ് നടന്നു. 66 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 318 എംപിമാർ പ്രമേയത്തെ എതിർത്തു.
1966 ആഗസ്റ്റ്- 1966 ജനുവരിയിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ അക്കാലത്ത് രാജ്യസഭാ എം.പിയായിരുന്നു ഇന്ദിരാഗാന്ധി. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എംപി ഹിരേന്ദ്രനാഥ് മുഖർജിയാണ്. പ്രമേയത്തെ 61 എംപിമാർ പിന്തുണച്ചപ്പോൾ 270 എംപിമാർ എതിർത്തു. പ്രമേയം പരാജയപ്പെട്ടു.
1966 നവംബർ- ഇന്ദിരാഗാന്ധിയുടെ സർക്കാർ ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തെ നേരിട്ടു. ഭാരതീയ ജൻ സംഘ് നേതാവ് യു.എം ത്രിവേദിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 36 എംപിമാർ പിന്തുണച്ചപ്പോൾ 235 എംപിമാർ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ പ്രമേയം പരാജയപ്പെട്ടു.
1976 മാർച്ച്- ഇത്തവണ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ അടൽ ബിഹാരി വാജ്‌പേയിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 1967 മാർച്ച് 20ന് നടന്ന വോട്ടെടുപ്പിൽ 162 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തു. 257 പേർ സര്‍ക്കാരിനെ പിന്തുണച്ചും വോട്ട് ചെയ്തു.
1967 നവംബർ- ഇന്ദിരാഗാന്ധി സർക്കാരിനെതിരെ മധു ലിമായെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1967 നവംബർ 24ന് നടന്ന വോട്ടെടുപ്പിൽ 88 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 215 എംപിമാർ എതിർത്തു.
1968 ഫെബ്രുവരി- ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ബൽരാജ് മധോക്ക് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1968 ഫെബ്രുവരി 28ന് നടന്ന വോട്ടെടുപ്പിൽ 75 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 215 എംപിമാർ എതിർത്തു.
1968 നവംബർ- ഭാരതീയ ജനസംഘത്തിന്റെ നേതാവ് കൻവർ ലാൽ ഗുപ്ത ഇന്ദിരാഗാന്ധി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1968 നവംബർ 13ന് നടന്ന വോട്ടെടുപ്പിൽ 90 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 222 പേർ എതിർത്തു.
1969 ഫെബ്രുവരി- സി.പി.എം നേതാവ് പി രാമമൂർത്തി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ 86 എംപിമാർ പിന്തുണച്ചു. 215 എംപിമാർ എതിർത്തു. പ്രമേയം പരാജയപ്പെട്ടു.
1970 ജൂലൈ- ഇന്ദിരാഗാന്ധി സർക്കാരിനെതിരെ മധു ലിമായെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന് 137 എംപിമാരുടെ പിന്തുണ ലഭിച്ചു. 243 എംപിമാർ എതിർത്തു. പ്രമേയം പരാജയപ്പെട്ടു.
1973 നവംബർ- ഇന്ദിരാഗാന്ധി സർക്കാരിനെതിരെ സി.പി.എം എംപി ജ്യോതിർമയ് ബസു അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 251 എംപിമാർ പ്രമേയത്തെ എതിർത്തപ്പോൾ 54 എംപിമാർ പിന്തുണച്ചു. പ്രമേയം പരാജയപ്പെട്ടു.
1974 മെയ്- സി.പി.എം നേതാവ് ജ്യോതിർമയ് ബസു വീണ്ടും ഇന്ദിരാഗാന്ധി സർക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ചു. 1974 മെയ് 10ന് പ്രമേയം ശബ്ദ വോട്ടിലൂടെ പരാജയപ്പെട്ടു.
1974 ജൂലൈ- ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ജ്യോതിർമയി ബസു വീണ്ടും അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1974 ജൂലൈ 25ന് വോട്ടെടുപ്പ് നടന്നു. 63 എംപിമാർ പ്രമേയത്തെ പിന്തുണച്ചപ്പോൾ 297 പേർ എതിർത്തു. പ്രമേയം പരാജയപ്പെട്ടു.
1975 മെയ്- 1975 ജൂൺ 25 ന് അടിയന്തരാവസ്ഥ നടപ്പാക്കുന്നതിന് ഒരു മാസം മുമ്പ്, ജ്യോതിർമയി ബസു വീണ്ടും അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1975 മെയ് 9ന് ശബ്ദവോട്ടോടെ പ്രമേയം പരാജയപ്പെട്ടു.
1978 മെയ്- മൊറാർജി ദേശായി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് അന്നത്തെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സി.എം സ്റ്റീഫനാണ്. 1978 മെയ് 11ന് അവിശ്വാസ പ്രമേയം ശബ്ദവോട്ടിലൂടെ പരാജയപ്പെട്ടു.
1979 ജൂലൈ- മൊറാർജി ദേശായി സർക്കാരിനെതിരെ വൈ.ബി ചവാൻ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അന്ന് ചര്‍ച്ച അനിശ്ചിതത്വത്തിലായെങ്കിലും മൊറാര്‍ജി ദേശായി രാജിവച്ചു രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നില്ലെങ്കിലും അവിശ്വാസ പ്രമേയത്തെത്തുടർന്ന് ഒരു സർക്കാർ വീണത് ഇത് ആദ്യമായാണ്.
1981 മെയ്- ഏഴാം ലോക്‌സഭയിൽ ജോർജ് ഫെർണാണ്ടസ് ഇന്ദിരാഗാന്ധി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 1981 മെയ് 9ന് വോട്ടെടുപ്പ് നടന്നു. 92 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയും 278 എംപിമാർ എതിർക്കുകയും ചെയ്തു. പ്രമേയം പരാജയപ്പെട്ടു.
1981 സെപ്തംബർ- ഇന്ദിരാഗാന്ധി സർക്കാരിനെതിരെ സി.പി.എം എംപി സമർ മുഖർജി ഒരു പ്രമേയം അവതരിപ്പിച്ചു. 1981 സെപ്തംബർ 17ന് വോട്ടെടുപ്പ് നടന്നു. 86 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 297 എംപിമാർ എതിർത്തു.
1982 ആഗസ്ത്- അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പാർട്ടി വിട്ട മുൻ കോൺഗ്രസ് നേതാവ് എച്ച്.എൻ ബഹുഗുണ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 1982 ആഗസ്ത് 16ന് വോട്ടെടുപ്പ് നടന്നു. 112 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 333 പേർ എതിർത്തു. പ്രമേയം പരാജയപ്പെട്ടു.
1987 ഡിസംബർ- സി. മാധവ റെഡ്ഡി രാജീവ് ഗാന്ധി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1982 ഡിസംബർ 11ന് പ്രമേയം ശബ്ദവോട്ടോടെ പരാജയപ്പെട്ടു.
1992 ജൂലൈ- പി.വി നരംസിഹ റാവുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ബി.ജെ.പിയിലെ ജസ്വന്ത് സിംഗിന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1992 ജൂലൈ 17നാണ് വോട്ടെടുപ്പ് നടന്നത്. 225 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 271 എംപിമാർ എതിർത്തു. പ്രമേയം പരാജയപ്പെട്ടു.
1992 ഡിസംബർ - നരസിംഹ റാവുവിനെതിരെ അടൽ ബിഹാരി വാജ്‌പേയി ആ വർഷം രണ്ടാമത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 21 മണിക്കൂർ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം 1992 ഡിസംബർ 21ന് വോട്ടെടുപ്പ് നടന്നു. 111 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 336 എംപിമാർ എതിർത്തു. പ്രമേയം പരാജയപ്പെട്ടു.
1993 ജൂലൈ- നരസിംഹറാവു സർക്കാരിനെതിരെ മൂന്നാമത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് അജോയ് മുഖോപാധ്യായയാണ്. 18 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പ്രമേയം പരാജയപ്പെട്ടു. 265 എംപിമാർ അവിശ്വാസ പ്രമേയത്തെ എതിർത്തു. 251 പേർ പിന്തുണച്ചു.
2003 ആഗസ്ത്- പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധി അടൽ ബിഹാരി വാജ്പേയി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 21 മണിക്കൂർ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം 2003 ആഗസ്ത് 19ന് പ്രമേയം പരാജയപ്പെട്ടു. 314 എംപിമാർ പ്രമേയത്തെ എതിർത്തു. 189 പേർ പിന്തുണച്ചു.
2018 ജൂലൈ- നരേന്ദ്ര മോദി സർക്കാരിനെതിരെ തെലുങ്ക് ദേശം പാർട്ടി നേതാവ് ശ്രീനിവാസ് കെസിനേനിയാണ് ഏറ്റവും ഒടുവില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഏകദേശം 11 മണിക്കൂർ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം, പ്രമേയം 2018 ജൂലൈ 20ന് വോട്ടിനിട്ടു. 135 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 330 പേർ എതിർത്തു. പ്രമേയം പരാജയപ്പെട്ടു.
(കടപ്പാട്- എന്‍ഡിടിവി)