India
Ladakh Gets 5 New Districts
India

ലഡാക്കിൽ പുതുതായി അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

Web Desk
|
26 Aug 2024 7:11 AM GMT

ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ജില്ലകളാണ് നേരത്തെ ലഡാക്കിലുണ്ടായിരുന്നത്.

ന്യൂഡല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിൽ പുതുതായി അഞ്ചു ജില്ലകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചത്. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ.

ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ജില്ലകളാണ് നേരത്തെ ലഡാക്കിലുണ്ടായിരുന്നത്.

ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഷാ എക്സില്‍ കുറിച്ചു. പുതിയ ജില്ലകളിലൂടെ എല്ലാ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും ആനുകൂല്യങ്ങൾ ജനങ്ങളുടെ വീട്ടുവാതിൽക്കൽ തന്നെ എത്തിക്കാനാകുമെന്നും ഷാ വ്യക്തമാക്കി.

2019 വരെ, ജമ്മു കശ്മീരിൻ്റെ ഭാഗമായിരുന്നു ലഡാക്ക്. എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആ വർഷം സംസ്ഥാനത്തിന് നൽകിയിരുന്ന പ്രത്യേക പദവി( ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. തുടര്‍ന്നാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമാകുന്നത്. കേന്ദ്ര ഭരണ പ്രദേശമായതിനാൽ ലഡാക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലാണ്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ലഡാക്ക്. മോട്ടോർ സൈക്കിൾ ഡെസ്റ്റിനേഷൻ കൂടിയാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡുകളിലൂടെ ആയിരക്കണക്കിന് മോട്ടോർ സൈക്കിൾ യാത്രക്കാർ മലനിരകളിലേക്ക് പോകുന്നത് കൗതുകകാഴ്ചയാണ്.

അതേസമയം മേഖലയുടെ കിഴക്കൻ ഭാഗത്ത് അടുത്തിടെ ചൈന നടത്തിയ ആക്രമണത്തിൻ്റെ പശ്ചാതലത്തില്‍ തന്ത്രപരമായി രാജ്യത്തിന് വളരെ പ്രധാനപ്പെട്ട സ്ഥലം കൂടിയാണ് ലഡാക്ക്.

Similar Posts