ഹോംബാലെ ഫിലിംസിന്‍റെ 'ധൂമം' ട്രെയിലറെത്തി, പുക മൂടി ന്യൂയോർക്ക്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
|തെലുങ്ക് താരങ്ങളായ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു
ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ഫഹദ് ഫാസിലിന്‍റെ ധൂമം ട്രെയിലറെത്തി
ഫഹദ് ഫാസിലിനെ നായകനാക്കി പ്രമുഖ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ‘ധൂമം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ സംവിധാനം ചെയ്യുന്ന ധൂമത്തിൽ മലയാളി താരങ്ങളായ റോഷൻ മാത്യു, അപർണ ബാലമുരളി, വിനീത് രാധാകൃഷ്‌ണൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായി ജൂൺ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കെജിഎഫ് സീരീസ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം കേരളത്തിൽ മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് വിതരണത്തിന് എത്തിക്കുന്നത്. ത്രില്ലർ ഴോണറിലുള്ള ധൂമത്തിൽ അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, അനു മോഹൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രീത ജയരാമൻ ആണ് നിർവഹിക്കുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
കാനഡയിൽ കാട്ടുതീ
കനത്ത പുകയിൽ മുങ്ങി ന്യൂയോർക്ക് നഗരവും കനേഡിയൻ തലസ്ഥാനവും. കാനഡയിലെ ക്യുബക്കിലെ കാട്ടുതീയിൽ നിന്നുള്ള പുകയാണ് അമേരിക്കയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളിലേക്കും പടർന്നത്. പുക രൂക്ഷമായതിനാൽ പുറത്തിറങ്ങുന്നവർ N95 മാസ്ക് ധരിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.
ക്യുബക്കിൽ 150 സ്ഥലങ്ങളിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. 15000ത്തിന് മുകളിൽ ആളുകളെ പ്രവിശ്യയിൽ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്. ക്യൂബക്കിൽനിന്നും നിലവിൽ പുക ന്യൂയോർക്ക് , പെൻസിൽവാനിയ, ന്യൂജഴ്സ്സി എന്നിവിടങ്ങളിലേക്കും പടർന്നു. വേനലിലെ വരണ്ട കാലവസ്ഥയും ചൂടുമാണ് കാട്ടുതീ പടരാൻ കാരണമെന്നാണ് നിഗമനം.
പുറത്ത് രൂക്ഷമായ പുകയുള്ളതിനാൽ ജനങ്ങളോട് വീടുകളിൽ തുടരാൻ അധികൃതർ കർശന നിർദേശം നൽകി. പുറത്തിറങ്ങുന്നവർ N95 മാസ്ക് ധരിച്ചിരക്കണം. കനത്ത പുകയെതുടർന്ന് ന്യൂയോർക്കിലേക്കുള്ള വിമാനങ്ങൾ പലതും റദ്ദാക്കി. തീയണക്കാൻ കനേഡിയൻ ഗവൺമെന്റ് മറ്റു രാജ്യങ്ങളോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ പുകയിൽനിന്നും രക്ഷ നേടാൻ ന്യൂയോർക്കിൽ പത്തുലക്ഷം N95 മാസ്ക് വിതരണം ചെയ്യുമെന്നും ട്രെയിനുകളിലും ബസുകളിലും ഉയർന്ന നിലവാരത്തിള്ള എയർ ഫിൽട്രേഷൻ സിസ്റ്റമാണ് നിലവിലുള്ളതെന്നും ന്യൂയോർക്ക് ഗവർണർ കാത്തി ഹൊക്കുൾ പറഞ്ഞു.
അഭ്യൂഹങ്ങള്‍ക്ക് വിരാമം; വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു
തെലുങ്ക് താരങ്ങളായ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു. ജൂൺ 9നാണ് ഇരുവരുടെയും വിവാഹനിശ്ചയം. 2017ൽ മിസ്റ്റർ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും സുഹൃത്തുക്കളാകുന്നതും. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ ഇരുവരും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
വരുൺ തേജിന്‍റെ വീട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹ നിശ്ചയം നടക്കുക. വരുൺ തേജിന്റെ പിതാവ് നാഗ ബാബു തന്റെ മകൻ ഈ വർഷം തന്നെ വിവാഹിതനാകുമെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ബുഡാപെസ്റ്റിലെയും ഇറ്റലിയിലെയും അവധിക്കാല ചിത്രങ്ങൾ വരുൺ തേജ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ലാവണ്യക്കൊപ്പമാണോ യാത്രയെന്നും ഇരുവരും പ്രണയിത്തിലാണോ എന്നുമടക്കം നിരവധി ചോദ്യങ്ങളുമായി ആരാധകർ രംഗത്തു വന്നിരുന്നു.
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ ജ്യേഷ്ഠൻ നാഗേന്ദ്ര ബാബുവിന്‍റെ മകനാണ് വരുൺ തേജ്. രാം ചരൺ, അല്ലു അർജുനും വരുണിന്‍റെ സഹോദരങ്ങളാണ്.
അച്ഛൻ നാഗേന്ദ്ര ബാബു സംവിധാനം ചെയ്ത ഹാൻഡ്‌സ് അപ്പ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ വരുൺ തേജ് 2014 ൽ മുകുന്ദ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാഞ്ചെ , ഫിദ (2017), തോളി പ്രേമ (2018), എഫ് 2: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ (2019), ഗദ്ദലകൊണ്ട ഗണേഷ് (2019) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വരുൺ തേജ്.
ഹിന്ദി ടെലിവിഷൻ ഷോയായ പ്യാർ കാ ബന്ധനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ലാവണ്യ ത്രിപാഠി. 2012ൽ ആണ്ടാല രാക്ഷസി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭലേ ഭലേ മഗഡിവോയിലേയും സോഗ്ഗഡേ ചിന്നി നയനയിലെയും പ്രകടനത്തിലൂടെ ത്രിപാഠി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത്.
ഹെഡും സ്മിത്തും വീണു; ഇന്ത്യയ്ക്ക് ആശ്വാസം
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ രണ്ടാംദിനം ഇന്ത്യയ്ക്ക് ആശ്വാസം. ഓവലിൽ ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച ട്രാവിസ് ഹെഡിനെയും പാറപോലെ ഉറച്ചുനിന്ന സ്റ്റീവൻ സ്മിത്തിനെയും വീഴ്ത്തി ഇന്ത്യൻ പേസർമാർ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. അതേസമയം, ആസ്‌ട്രേലിയൻ ഇന്നിങ്‌സ് 400 റൺസ് കടന്നു മുന്നോട്ടു കുതിക്കുകയാണ്. ലഞ്ചിനു പിരിയുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 422 റൺസ് എന്ന നിലയിലാണ് ഓസീസ് സംഘം.
ആദ്യദിനം ഇന്ത്യൻ ബൗളർമാരെ വശംകെടുത്തിയ ഹെഡിനെയും സ്മിത്തിനെയും പുറത്താക്കാനായതോടെയാണ് ഇന്ത്യൻ ക്യാംപിന് ശ്വാസം നേരെ വീണത്. ഇന്നലെ 146 റൺസെടുത്ത് നിന്ന ഹെഡിന് ഇന്നു രാവിലെ 17 റൺസാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്. 26 റൺസ് കൂട്ടിച്ചേർത്ത് സ്മിത്തും മടങ്ങി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ രണ്ട് സെഞ്ച്വറികൾ സ്വന്തം പേരിലാക്കിയാണ് ഹെഡും സ്മിത്തും കൂടാരം കയറിയത്.
മൂന്നിന് 76 എന്ന നിലയിൽ തകർച്ച മുന്നിൽകണ്ട കങ്കാരുക്കളെ സ്മിത്തും ഹെഡും ചേർന്നാണ് ആദ്യ ദിവസം കരകയറ്റിയത്. ഒരറ്റത്ത് സ്മിത്ത് പ്രതിരോധക്കോട്ട കെട്ടി കളിച്ചപ്പോൾ അപ്പുറത്ത് ഏകദിന ശൈലിയിൽ ബാറ്റു വീശുകയായിരുന്നു ഹെഡ്. ഇന്ത്യൻ ബൗളർമാരുടെ മനോവീര്യം കെടുത്തിയ ഇന്നിങ്‌സായിരുന്നു ഇരുവരുടേതും. ഹെഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും സ്മിത്തിന്റെ അർധസെഞ്ച്വറിയുടെയും കരുത്തിൽ ഇന്നലെ കളിനിർത്തുമ്പോൾ മൂന്നിന് 372 എന്ന ശക്തമായ നിലയിലായിരുന്നു ആസ്‌ട്രേലിയ.
അഭേദ്യമായി നിന്ന കൂട്ടുകെട്ട് എത്രയും പെട്ടെന്ന് പിരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഒടുവിൽ മുഹമ്മദ് സിറാജ് ആ ദൗത്യം നിർവഹിച്ചു. ഹെഡിനെ വിക്കറ്റ് കീപ്പർ കെ.എസ് ഭരതിന്റെ കൈയിലെത്തിച്ചായിരുന്നു സിറാജിന്റെ വക ആദ്യ ബ്രേക്ത്രൂ. 174 പന്ത് നേരിട്ട് 163 റൺസ് അടിച്ചെടുത്തായിരുന്നു ഹെഡിന്റെ മടക്കം. ഒരു സിക്‌സും 25 ഫോറും ഇന്നിങ്‌സിനു അകമ്പടിയേകി.
തൊട്ടുപിന്നാലെ വന്ന കാമറോൺ ഗ്രീൻ ബൗണ്ടറിയടിച്ചാണ് ഇന്നിങ്‌സിനു തുടക്കമിട്ടതെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഗ്രീനിനെ ആക്രമിക്കാൻ വിടാതെ മുഹമ്മദ് ഷമി ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ചു. അപ്പുറത്ത് വിക്കറ്റ് വീണപ്പോഴും ഉറച്ചുനിന്ന സ്മിത്തിന്റെ പ്രതിരോധം തകർത്ത് ഷർദുൽ താക്കൂർ മത്സരം ഇന്ത്യയുടെ വരുതിയിലെത്തിച്ചു. മനോഹരമായൊരു ഔട്ട്‌സ്വിങ്ങറിൽ ബൗൾഡായി മടങ്ങുമ്പോൾ 268 പന്തിൽ 121 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. 19 ഫോറുകൾ സഹിതമായിരുന്നു മനോഹരമായ ഇന്നിങ്‌സ്. 22 റൺസുമായി വിക്കറ്റ് കീപ്പർ അലെക്‌സ് ഗ്രീനും രണ്ട് റൺസുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ക്രീസിലുള്ളത്.
500 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല
500 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 1000 രൂപ നോട്ടുകള്‍ വീണ്ടും കൊണ്ടുവരാനും തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
"500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപയുടെ നോട്ടുകള്‍ വീണ്ടും കൊണ്ടുവരാനോ റിസര്‍വ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്"- ശക്തികാന്ത ദാസ് പറഞ്ഞു.
2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു. ആകെ 3.62 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളില്‍ 1.80 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് വന്നത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടതെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
"2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരക്ക് കൂട്ടേണ്ടതില്ല. കൈമാറ്റത്തിനുള്ള നോട്ടുകൾ ഞങ്ങളുടെ പക്കലുണ്ട്. പരിഭ്രാന്തരാകരുത്. പക്ഷെ സെപ്തംബറിലെ അവസാന ദിവസങ്ങള്‍ വരെ കാത്തിരിക്കരുത്"- ശക്തികാന്ത ദാസ് പറഞ്ഞു.
ഔറംഗസീബിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതിൽ സംഘർഷം
ഔറംഗസേബിനെയും ടിപ്പു സുൽത്താനെയും കുറിച്ചുള്ള പോസ്റ്റിനെതിരെ മഹാരാഷ്ട്രയിലെ കോലാപൂരിലുണ്ടായ സംഘർഷത്തിൽ 37 പേർ അറസ്റ്റിൽ. സ്ഥിതി ശാന്തമാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. പ്രധാന സംഘർഷ മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കടകളും വാഹനങ്ങളും അടിച്ചുതകർത്തിരുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടു.
സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി.കല്ലേറുണ്ടായതിന് പിന്നാലെ തെരുവിൽ ആളുകൾ തടിച്ചുകൂടിയതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.സ്റ്റാറ്റസ് ഇട്ട കൗമാരക്കാരെയും കല്ലേറ് നടത്തിയവരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.
ഇറ്റലിയില്‍ പാർലമെന്‍റ് സമ്മേളനത്തിനിടെ കുഞ്ഞിന് മുലയൂട്ടി വനിതാ എംപി
പാർലമെന്റ് സമ്മേളനത്തിനിടെ കുഞ്ഞിന് മുലയൂട്ടി ഇറ്റലിയിലെ ഒരു വനിതാ എംപി. പ്രതിപക്ഷ മുന്നണിയായ 5 സ്റ്റാർ മൂവ്‌മെന്റ് അംഗം ഗിൽഡ സ്‌പോർട്ടിയല്ലോയാണ് പാർലമെന്റിൽ ആദ്യമായി മുലയൂട്ടുന്ന വനിതാ അംഗമായി ചരിത്രത്തിൽ ഇടംപിടിച്ചത്. സഭയിൽ നടന്ന ഒരു പൊതുഭരണ വോട്ടെടുപ്പിനിടെ മറ്റു സഭാംഗങ്ങളുടെ സാന്നിധ്യത്തിലാണ് തന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഗിൽഡ പാലൂട്ടിയത്.
സഭപിരിയുന്നതിന് മുൻപ് സഭാംഗങ്ങളും പാർലമെന്റ് വൈസ് പ്രസിഡന്റ് ജോർജിയോ മ്യൂളും ഗിൽഡ സ്‌പോർട്ടിയല്ലോയുടെ പ്രവൃത്തിയെ കയ്യടിച്ചു പ്രശംസിച്ചു. തുടർന്ന് നിരവധിപേരാണ് ഗിൽഡയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് ഇറ്റാലിയൻ പാർലമെന്റിൽ സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാൻ അനുവദിക്കുന്ന നിയമം പാസായത്. നിയമത്തിനായി പോരാടിയതിൽ മുന്നിൽ നിന്ന വ്യക്തിയായിരുന്നു ഗിൽഡ സ്‌പോർട്ടിയല്ലോ. കുഞ്ഞുങ്ങളുമായി പാർലമെന്റിൽ പ്രവേശിക്കാനും ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് പാലൂട്ടാനും നിയമം അനുവദിക്കുന്നു.
ജോലി ആവശ്യാർഥം കുഞ്ഞുങ്ങളുടെ പാലുകുടി നേരത്തെ അവസാനിപ്പിക്കുന്ന നിരവധി സ്ത്രീകൾ സമൂഹത്തിലുണ്ടെന്നും എല്ലാ ജോലിസ്ഥലങ്ങളിലും സ്ത്രീകൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ഗിൽഡ സ്‌പോർട്ടിയല്ലോ പ്രതികരിച്ചു.
ഇറ്റലിയിലെ ജനപ്രതിനിധികളുടെ കണക്കെടുത്താല്‍ മൂന്നില്‍ രണ്ടുപേരും പുരുഷൻമാരാണ്. അതുകൊണ്ട് തന്നെ ഇറ്റലിയിലെ സ്ത്രീകളുടെ പുരോഗമനത്തെ സൂചിപ്പിക്കുന്നതാണ് ഗിൽഡ സ്‌പോർട്ടിയല്ലോയുടെ പ്രവൃത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.