India
Honor Killing isn’t violence It is come from parent’s emotion and love says tamil actor ranjith
India

'ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള മാതാപിതാക്കളുടെ കരുതൽ'; ന്യായീകരിച്ച് നടൻ രഞ്ജിത്ത്

Web Desk
|
10 Aug 2024 11:13 AM GMT

'മക്കള്‍ പോവുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, ആ ദേഷ്യത്തിൽ ഉടനെ പോയി അടിക്കില്ലേ'- നടൻ പറയുന്നു.

ചെന്നൈ: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ദുരഭിമാനക്കൊല അക്രമമല്ലെന്നും മക്കളോടുള്ള മാതാപിതാക്കളുടെ കരുതലാണെന്നുമാണ് രഞ്ജിത്ത് പറയുന്നത്. എന്ത് നടന്നാലും മക്കളോടുള്ള സ്നേഹവും കരുതലും കൊണ്ട് ചെയ്യുന്നതാണെന്നും നടൻ അഭിപ്രായപ്പെട്ടു. 'കവുണ്ടംപാളയം' എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു നടന്റെ വിവാദ പ്രസ്താവന.

'മക്കള്‍ പോവുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, ആ ദേഷ്യത്തിൽ ഉടനെ പോയി അടിക്കില്ലേ. ചെരിപ്പ് കാണാതെ പോയാലും നമ്മൾ ദേഷ്യപ്പെടില്ലേ. മക്കൾ മാതാപിതാക്കളുടെ എല്ലാമാണ്. അപ്പോൾ ആ മക്കളുടെ ജീവിതത്തെ ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കൾക്കുണ്ടാവുന്ന ദേഷ്യം അവരോടുള്ള കരുതലിൽ നിന്ന് വരുന്നതാണ്. അത് അക്രമമല്ല. അവരോടുള്ള കരുതല്‍ മാത്രമാണ്. ആ കരുതലിൽ നിന്നുണ്ടാവുന്ന ദേഷ്യമാണ്. അതിന്റെ പേരിൽ എന്ത് നടന്നാലും അതെനിക്കൊരു കുറ്റമായി തോന്നുന്നില്ല'- എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

നടന്റെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്‌ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. വർഷങ്ങളായി ദുരഭിമാനക്കൊലക്കെതിരെ പുതിയ നിയമം കൊണ്ടുവരാന്‍ വിവിധ സംഘടനകള്‍ പോരാടുന്നതിനിടെയാണ് നടന്റെ ഇത്തരമൊരു പരാമർശം. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് രഞ്ജിത്ത്.

ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകൾ നടത്തുന്നത്. നേരത്തെ, ഹാപ്പി സ്ട്രീറ്റിനെക്കുറിച്ച് (തെരുവില്‍ നിരവധി ഷോകള്‍ നടത്തുന്ന ഒരു പരിപാടി) സംസാരിച്ചപ്പോള്‍ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനെതിരെ മോശം പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.


Similar Posts