ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച; കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതികൾ ഹൈക്കമാൻഡിന് കൈമാറും
|ജി-23 നേതാക്കളായ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ എന്നിവർക്കെതിരെയാണ് പരാതികൾ
ഡല്‍ഹി: ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് എതിരായ പരാതികൾ ഹൈക്കമാൻഡിന് കൈമാറും. ജി-23 നേതാക്കളായ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ എന്നിവർക്കെതിരെയാണ് പരാതികൾ. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്ക് ഹൈക്കമാൻഡ് കടന്നേക്കില്ല.
കോൺഗ്രസിൽ നിന്ന് രാജിവെച്ച ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി എന്നാണ് ഭൂപീന്ദർ ഹൂഡയ്ക്ക് എതിരായ പരാതി. ഹരിയാന മുൻ പി.സി.സി അധ്യക്ഷ കുമാരി ഷെൽജയാണ് പരാതി നൽകിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി വിവേക് ബൻസലിന് നൽകിയ പരാതിയിൽ ഹൂഡയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണം എന്നാണ് ആവശ്യം. രാഹുൽ ഗാന്ധിക്ക് എതിരായ ഗുലാം നബി ആസാദിന്‍റെ പരാമർശങ്ങളെ പിന്തുണയച്ചു എന്നാണ് പൃഥ്വിരാജ് ചവാനെതിരായ ആരോപണം.
മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വീരേന്ദർ വസിഷ്ഠ് അച്ചടക്ക സമിതി തലവൻ താരിഖ് അൻവറിന് പരാതി നൽകി. നേതാക്കൾക്ക് എതിരെ പരാതി ലഭിച്ചാൽ ഹൈക്കമാൻഡിന് കൈമാറുകയാണ് പതിവ്. അതിനാൽ ഈ രണ്ട് പരാതികളും ഹൈക്കമാൻഡിന് കൈമാറും. ഹൈക്കമാൻഡ് പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കും. എന്നാൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ പരാതികളിൽ എന്ത് നിലപാട് ഹൈക്കമാൻഡ് എടുക്കും എന്ന് വ്യക്തമല്ല. നടപടി സ്വീകരിച്ച് ജി-23 നേതാക്കളെ കൂടുതൽ പ്രകോപിപ്പിക്കാൻ ഹൈക്കമാൻഡ് മുതിർന്നേക്കില്ല. നേരത്തെ ഗുലാം നബി ആസാദ് ജമ്മു കശ്മീർ പ്രചാരണ സമിതി സ്ഥാനം രാജി വച്ചപ്പോഴും ആനന്ദ് ശർമ ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞപ്പോഴും നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു. അന്നും പരാതികൾ ലഭിച്ചെങ്കിലും ഹൈക്കമാൻഡ് നടപടി സ്വീകരിച്ചിരുന്നില്ല.