പശുവിനെ കൊല്ലുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് പുരാണങ്ങളിലുള്ളത്: അലഹബാദ് ഹൈക്കോടതി
|'നമ്മുടേത് മതേതര രാജ്യമായതിനാൽ ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും ബഹുമാനിക്കണം'
അലഹാബാദ്: രാജ്യത്ത് പശുവിനെ കൊല്ലുന്നത് തടയണമെന്നും പശുവിനെ ദേശീയ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അലഹാബാദ് ഹൈക്കോടതി. ഹിന്ദുമതത്തിൽ ദൈവത്തിന്റെ പ്രതിനിധിയാണ് പശു. ഗോഹത്യ നടത്തുന്നവരും കൊല്ലാന്‍ അനുവദിക്കുന്നവരും നരകത്തിൽ ചീഞ്ഞളിയുമെന്നാണ് പുരാണത്തിൽ പറയുന്നതെന്ന് ലഖ്നൌ ബെഞ്ചിലെ ജസ്റ്റിസ് ഷമീം അഹമ്മദ് പറഞ്ഞു.
"ഹിന്ദുമത വിശ്വാസ പ്രകാരം ബ്രഹ്മാവ് പുരോഹിതര്‍ക്കും പശുക്കള്‍ക്കും ഒരേ സമയമാണ് ജീവന് നല്‍കിയത്. പുരോഹിതര്‍ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ അതേസമയത്ത് പൂജയ്ക്ക് ആവശ്യമായ നെയ്യ് നല്കാന് പശുക്കള്‍ക്ക് കഴിയുന്നു. പശുക്കളെ കൊല്ലുകയോ മറ്റുള്ളവരെ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്ന ഏതൊരാളും തന്റെ ശരീരത്തിൽ രോമങ്ങളുള്ള കാലത്തോളം നരകത്തിൽ ചീഞ്ഞഴുകുമെന്നാണ് വിശ്വാസം. നമ്മുടേത് മതേതര രാജ്യമായതിനാൽ ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമത വിശ്വാസ പ്രകാരം മൃഗങ്ങളില്‍ പശുവിനെയാണ് ഏറ്റവും പവിത്രമായി കണക്കാക്കുന്നത്. പശുവിനെ ആദരിക്കുന്ന രീതിക്ക് വേദ കാലഘട്ടത്തോളം പഴക്കമുണ്ട്"- ജസ്റ്റിസ് ഷമീം അഹമ്മദ് പറഞ്ഞു.
കാലികളെ കശാപ്പു ചെയ്യുകയും വിൽക്കുകയും ചെയ്തതിന് ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുല്‍ ഖാലിക് സമർപ്പിച്ച ഹരജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹിന്ദുദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. പശുവിന്റെ കാലുകള്‍ നാലു വേദങ്ങളെ സൂചിപ്പിക്കുന്നു. കൊമ്പുകള്‍ ദൈവത്തെയും മുഖം ചന്ദ്രനെയും ചുമലുകള്‍ അഗ്നിയെയും പ്രതീകവത്കരിക്കുന്നു. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രങ്ങളും സഫലമാക്കുന്നുവെന്നും കോടതി പറഞ്ഞു.
Summary- The Lucknow bench of Allahabad High Court has expressed hope that the Centre will take an appropriate decision to ban cow slaughter and declare it as a "protected national animal