അനിശ്ചിതത്വങ്ങൾക്ക് അവസാനമാകുന്നു; സുമിയിലെ വിദ്യാർഥികളെ ഒഴിപ്പിക്കാൻ വഴിയൊരുങ്ങി
|വിദ്യാർഥികളോട് സജ്ജമായിരിക്കാന്‍ ഇന്ത്യൻ എംബസി
നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ യുക്രൈനിലെ സുമിയിലുള്ള വിദ്യാർഥികളെ ഒഴിപ്പിക്കാൻ വഴിയൊരുങ്ങി. പോൾട്ടാവ വഴി വിദ്യാർഥികളെ പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.വിദ്യാർഥികളോട് സജ്ജമായിരിക്കാനും സമയവും തിയതിയും ഉടൻ പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചു.
റഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതൽ ഏറെ ദുരിതമനുഭവിച്ചത് സുമിയിലുള്ള വിദ്യാർഥികളായിരുന്നു. മറ്റ് നഗരങ്ങളിലെ വിദ്യാർഥികൾ അതിർത്തിയിലേക്ക് കടന്നപ്പോഴും അതിനും കഴിയാതെ സുമിയിലെ വിദ്യാർഥികൾ കുടുങ്ങി. 700ഓളം വിദ്യാര്‍ഥികളാണ് റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സുമിയില്‍ കുടുങ്ങിയിരിക്കുന്നത്. ഇതിൽ ഏറെയും മലയാളികളാണ്. അതിർത്തിയിലേക്ക് പോകാൻ വാഹനങ്ങളില്ലാത്തതും ആക്രമണം രൂക്ഷമായതുമാണ് വിദ്യാർഥികളെ ദുരിതത്തിലാക്കിയത്. റോഡുകളും റെയിൽവെ ട്രാക്കുകളും ബോംബാക്രമണത്തിൽ തകർന്നിരിക്കുകയാണ്.
12 ദിവസങ്ങളായി ബങ്കറിലും ഹോസ്റ്റലുകളിലും കുടുങ്ങിയത് നിരവധി വിദ്യാർഥികളാണ്. വൈദ്യതി കൂടി വിച്ഛേദിച്ചതോടെ അത്യാവശ്യകാര്യങ്ങൾക്ക് പോലും വെള്ളമില്ലെന്ന് വിദ്യാർഥികൾ അറിയിച്ചിരുന്നു. മഞ്ഞ് ഉരുക്കിയാണ് വിദ്യാർഥികൾ വെള്ളമെടുത്തിരുന്നത്. കടകളും മറ്റും തുറക്കാത്തതിനാൽ ഭക്ഷണം പോലുമില്ലാതെ വിദ്യാർഥികൾ കഷ്ടപ്പെടുകയാണ്. ഇനിയും രക്ഷപ്പെടുത്തിയില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് സുമിയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. ദുരിതം ഇനിയും സഹിക്കാനാവില്ലെന്നും സ്വന്തം റിസ്കില്‍ പുറത്തേക്കിറങ്ങുമെന്നും വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറച്ച് കൂടി കാത്തിരിക്കാനാണ് ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളോട് പറഞ്ഞുകൊണ്ടിരുന്നത്. ഒടുവില്‍ നാളുകൾ നീണ്ടുനിന്ന ദുരിതത്തിനൊടുവിലാണ് എംബസിയുടെ ഭാഗത്ത് നിന്ന് ആശ്വാസ വാർത്ത വിദ്യാർഥികളെ തേടിയെത്തിയിരിക്കുന്നത്.
അതേ സമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് ഏഴ് വിമാനങ്ങളിലായി 1500 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കും. ഇതു വരെ 76 വിമാനങ്ങളിലായി യുക്രെയ്‌നിൽ നിന്നുള്ള 15,920 വിദ്യാർഥികളെയാണ് ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ 2,260 പേർ മലയാളികളാണ്.
യുക്രെയ്‌നിലെ കിയവിൽ വെച്ച് വെടിയേറ്റ ഹർജോത് സിംഗിനെ ഇന്ന് രാജ്യത്തെത്തിക്കും. പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഹർജോതിനെ ഡൽഹിയിൽ എത്തിക്കുന്നത്.