India
Hotel bill where Modi stayed; Karnataka  provide
India

മോദി താമസിച്ച ഹോട്ടലിലെ ബിൽ; കർണാടക സർക്കാർ നൽകുമെന്ന് വനമന്ത്രി

Web Desk
|
27 May 2024 2:41 PM GMT

80 ലക്ഷത്തോളം രൂപ അടച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് ഹോട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു

ബെംഗളൂരു: മൈസൂർ സന്ദർശനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബിൽ സംസ്ഥാന സർക്കാർ നൽകുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു മോദിയുടെ മൈസൂരു സന്ദർശനം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗർ ഇവന്റിന്റെ 50ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്.

ഏപ്രിൽ 9 മുതൽ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസർക്കാരിന്റെ നിർദേശം. ചടങ്ങിലുടനീളം കേന്ദ്രസഹായം ഉറപ്പു നൽകുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാൽ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയാവുകയായിരുന്നു.

പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ വരുമ്പോൾ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പാരമ്പര്യമാണ്. എന്നാൽ കഴിഞ്ഞ വർഷം കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു. അതിനാൽ സംസ്ഥാന സർക്കാർ പരിപാടിയുടെ ആസൂത്രണത്തിൽ ഏർപ്പെട്ടിരുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വനംവകുപ്പ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഹോട്ടൽ ബിൽ തുകയായ 80 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന് അവർ അറിയിച്ചു. തങ്ങൾ ഈ തുക തിരിച്ചടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിൽ കുടിശ്ശിക ചൂണ്ടിക്കാട്ടി റാഡിസൺ ബ്ലൂ ഫിനാൻസ് ജനറൽ മാനേജർ വനംവകുപ്പ് അധികൃതർക്ക് അയച്ച സന്ദേശത്തിൽ തുക അടയ്ക്കാൻ വൈകുന്ന പക്ഷം 12.09 ലക്ഷം രൂപ അധികം പലിശയിനത്തിലും അടയ്ക്കണമെന്നാണ് പറയുന്നത്. 2024 ജൂൺ 1നകം പണമടച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും ഹോട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹോട്ടൽ കുടിശ്ശിക അടയ്ക്കാത്തതിൽ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാപക വിമർശനവും പരിഹാസവും സമൂഹമാധ്യമങ്ങളിലുണ്ടായിരുന്നു. ദൈവം നേരിട്ട് ഭൂമിയിലേക്കയച്ച ആളോട് ബിൽ അടയ്ക്കാൻ പറയാൻ മനുഷ്യർക്ക് എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു നടൻ പ്രകാശ് രാജിന്റെ പരിഹാസം.

Similar Posts