കൊലപാതകക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന്റെ ഹോട്ടൽ പൊളിച്ചു നീക്കി
|ജില്ലാഭരണകൂടമാണ് ഹോട്ടല്‍ പൊളിച്ചുനീക്കിയത്
സാഗർ: മധ്യപ്രദേശ് സാഗറിൽ കൊലപാതകക്കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടൽ പൊളിച്ചുനീക്കി. മിശ്രി ചന്ദ് ഗുപ്ത എന്നയാളുടെ ഹോട്ടലാണ് പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.
മിശ്രിയുടെ കാറിടിച്ച് ജഗദീഷ് യാദവ് എന്ന യുവാവ് മരിച്ചതിനെത്തുടർന്ന് ഹോട്ടലിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ മിശ്രി ചന്ദ് ഗുപ്തയടക്കം എട്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഡിസംബർ 22 നാണ് ജഗദീഷ് യാദവ് മിശ്രി ചന്ദിന്റെ എസ്യുവി ഇടിച്ച് കൊല്ലപ്പെടുന്നത്. സംഭവത്തിൽ മിശ്രി ചന്ദിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
കൗൺസിലറായ കിരൺ യാദവിന്റെ അനന്തരവനായിരുന്നു മരിച്ച ജഗദീഷ് യാദവ്. നഗരസഭാ തെരഞ്ഞെടുപ്പിൽ മിശ്രി ചന്ദ് ഗുപ്തയുടെ ഭാര്യ മീനയെ 83 വോട്ടുകൾക്കാണ് കിരൺ യാദവ് പരാജയപ്പെടുത്തിയത്. ഇതിന്‍റെ വൈരാഗ്യത്തിലാണ് ജഗദീഷിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.
കസാഗറിലെ മകരോണിയ ഇന്റർസെക്ഷന് സമീപമാണ് മിശ്രി ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്. 60 ഡൈനാമിറ്റുകൾ പൊട്ടിച്ചാണ് ഈ ഹോട്ടൽ പൊളിച്ചുനീക്കയത്. സാഗർ ജില്ലാ കലക്ടർ ദീപക് ആര്യ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) തരുൺ നായക്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പൊളിക്കൽ നടപടിക്ക് മേൽനോട്ടം നല്‍കി. ചുറ്റുമുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നതായും മറ്റാർക്കും ഒരു തരത്തിലുമുള്ള നഷ്ടവും ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടർ ദീപക് ആര്യ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.