സ്വന്തം ജീവിതത്തിൽ ഇതുവരെ രാമനെ പിന്തുടരാത്ത മോദിയാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കുന്നത്; രൂക്ഷവിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി
|പ്രധാനമന്ത്രിയെന്ന നിലയിൽ പത്ത് വർഷമായി ഇതുവരെ രാമരാജ്യമനുസരിച്ച് മോദി പ്രവർത്തിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചു.
ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എം.പിയും മുൻ കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. പ്രധാനമന്ത്രി പദവിയിൽ പൂജ്യനായിരിക്കെ മോദി പ്രാണപ്രതിഷ്ഠയിലേക്ക് പോവുകയാണെന്ന് സ്വാമി തുറന്നടിച്ചു.
വ്യക്തി ജീവിതത്തിൽ ഇതുവരെ ഭഗവാൻ രാമനെ പിന്തുടാത്തയാളാണ് മോദിയെന്നും പ്രത്യേകിച്ച് ഭാര്യയുടെ പെരുമാറ്റത്തിൽ പോലും അതുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെന്ന നിലയിൽ പത്ത് വർഷമായി ഇതുവരെ രാമരാജ്യമനുസരിച്ച് മോദി പ്രവർത്തിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചു.
"തന്റെ പ്രധാനമന്ത്രി പദവി പൂജയിൽ പൂജ്യനായിരിക്കെ, മോദി പ്രാണപ്രതിഷ്ഠാ പൂജയിലേക്ക് പോവുകയാണ്. വ്യക്തിപരമായ ജീവിതത്തിൽ മോദി ഭഗവാൻ രാമനെ അനുഗമിച്ചിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ. പ്രധാനമന്ത്രി എന്ന നിലയിൽ മോദി കഴിഞ്ഞ ദശകത്തിൽ രാമരാജ്യമനുസരിച്ച് പ്രവർത്തിച്ചിട്ടമില്ല"- സ്വാമി എക്സിൽ കുറിച്ചു.
ഉച്ചയ്ക്ക് 12.05ന് രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥിയാണ് മോദി. നേരത്തെയും നിരവധി തവണ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുള്ള നേതാവാണ് സുബ്രഹ്മണ്യൻ സ്വാമി. മോദി ഭാര്യയെ ഉപേക്ഷിച്ചയാളാണെന്നും അങ്ങനെയുള്ള ഒരാൾക്കെങ്ങനെ രാമക്ഷേത്രത്തിൽ പൂജ ചെയ്യാനാവുമെന്നും സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചിരുന്നു.
''അയോധ്യയിലെ രാമക്ഷേത്രത്തിൽ മോദി പ്രാൺ പ്രതിഷ്ഠാ പൂജ നടത്തുന്നത് രാമഭക്തൻമാർക്ക് എങ്ങനെ അനുവദിക്കാനാവും? ശ്രീരാമൻ ജീവതത്തിൽ ഒന്നരപ്പതിറ്റാണ്ട് ചെലവഴിച്ചതും യുദ്ധം ചെയ്തതും തന്റെ ഭാര്യയായ സീതയെ രക്ഷപ്പെടുത്താനാണ്. എന്നാൽ മോദി ഭാര്യയെ ഉപേക്ഷച്ചതിന്റെ പേരിൽ പ്രശസ്തനായ ആളാണ്. പിന്നെ എങ്ങനെ അദ്ദേഹത്തിന് പൂജ ചെയ്യാനാകും?''- എന്നാണ് ഡിസംബർ 27ന് സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചത്.
അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടുത്തി 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടിയിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി നേരത്തെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ സ്ഥാനമൊഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.
മറ്റൊരു പോസ്റ്റിൽ, ഭാരത മാതാവിന്റെ അഖണ്ഡത സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മാറിനിൽക്കണമെന്നും വിരമിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. നുണകൾ കൊണ്ട് ഹിന്ദുസ്ഥാനെ സംരക്ഷിക്കാനാവില്ലെന്നും സ്വാമി വ്യക്തമാക്കിയിരുന്നു.
കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നതായി സംശയമുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. ഇതിനായി ഇസ്രയേൽ ചാര സോഫ്റ്റ്വെയറായ പെഗാസസിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആർ.എസ്.എസ് നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റില്‍ വ്യക്തമാക്കിയത്.