മണിപ്പൂരിൽ അഗ്നിക്കിരയാക്കിയ വീടുകൾ മൂന്നുവർഷം മുമ്പേ അടയാളപ്പെടുത്തി: മുന് ഐ.ആർ.എസ് ഉദ്യോഗസ്ഥന്
|'മേയ് മൂന്നിന് രാത്രി സംഘർഷമുണ്ടായപ്പോൾ ഏതൊക്കെയാണ് കുകി ഭവനങ്ങൾ എന്ന് കൃത്യമായ ധാരണ മെയ്തേയി സായുധ ഗ്രൂപ്പുകൾക്കുണ്ടായിരുന്നു. അവർ അടയാളപ്പെടുത്തിയ ആ വീടുകൾ തിരഞ്ഞുപിടിച്ചാണ് കത്തിച്ചത്'
ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപത്തിൽ ഇപ്പോൾ അഗ്നിക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവർഗക്കാരുടെ വീടുകൾ മൂന്നുവർഷം മുമ്പ് ഒരു സർവേ നടത്തി അടയാളപ്പെടുത്തിയിരുന്നെന്ന് ഗോത്രവർഗ നേതാവും റിട്ടയേഡ് ഐ.ആർ.എസ് ഉദ്യോഗസ്ഥനുമായ ഡബ്ല്യു.എൽ. ഹാങ്ഷിങ്. ഏറെക്കാലം മുമ്പേ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വംശീയ കലാപമാണിതെന്നും സ്വന്തം വീട് നഷ്ടപ്പെട്ട ഹാങ്ഷിങ് ‘മാധ്യമ’ത്തോട് പറഞ്ഞു.മൂന്നുവർഷം മുമ്പ് കോവിഡ്-19 പകർച്ചവ്യാധി വരുന്നതിന് തൊട്ടുമുമ്പായിരുന്നു ആ സർവേ നടന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു.
'വംശീയ കലാപത്തിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ട് ക്യാമ്പുകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും നിരവധി പേർ അഭയാർഥികളായി പോയ മണിപ്പൂരിൽനിന്ന് ഹാങ്ഷിങ്ങിനെപ്പോലെ പലരും ഡൽഹിയിലേക്കും അഭയംതേടി വന്നിട്ടുണ്ട്. സിവിൽ സർവിസിൽനിന്ന് വിരമിച്ചശേഷം പിതാവിന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. വീട്ടിൽ വന്ന് ഒരു അപേക്ഷാഫോറം പൂരിപ്പിക്കാനായി വീട്ടുടമസ്ഥന്റെ പേരും ഗോത്രവും അടക്കമുള്ള കുടുംബ വിവരങ്ങളെല്ലാം ശേഖരിച്ചു. അവരെ കണ്ടപ്പോൾ സർക്കാർ ഉദ്യോഗസ്ഥരാണെന്ന് തോന്നാത്തതിനാൽ സംശയം തോന്നി.
എന്തിനാണ് വീട്ടുവിവരങ്ങളെല്ലാം ശേഖരിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഇംഫാലിൽ ‘സ്മാർട്ട് സിറ്റി’ ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണെന്ന് പറഞ്ഞു. സർക്കാർ ജീവനക്കാരാണോ എന്ന് ചോദിച്ചപ്പോൾ അല്ല, തങ്ങളെ പുറംകരാർ ഏൽപിച്ചതാണെന്നായിരുന്നു മറുപടി. ‘സ്മാർട്ട് സിറ്റി’ സർവേക്ക് എന്തിനാണ് വീട്ടുടമകളുടെ ഗോത്രവിവരങ്ങൾ ശേഖരിക്കുന്നതെന്ന് ചോദിച്ചുവെങ്കിലും അവർ കൃത്യമായ മറുപടി നൽകിയില്ല.' അദ്ദേഹം പറഞ്ഞു.
മേയ് മൂന്നിന് രാത്രി സംഘർഷമുണ്ടായപ്പോൾ ഏതൊക്കെയാണ് കുകി ഭവനങ്ങൾ എന്ന് കൃത്യമായ ധാരണ മെയ്തേയി സായുധ ഗ്രൂപ്പുകൾക്കുണ്ടായിരുന്നു. അവർ അടയാളപ്പെടുത്തിയ ആ വീടുകൾ തിരഞ്ഞുപിടിച്ചാണ് കത്തിച്ചത്. ഞാൻ താമസിച്ചിരുന്ന വീടും കത്തിച്ചു. അവർ ഏറെക്കാലം മുമ്പേ ആസൂത്രണം ചെയ്ത് ഒരവസരം കിട്ടാനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. മെയ്തേയി വിഭാഗങ്ങൾക്ക് പട്ടികവർഗ പദവി പരിഗണിക്കാനുള്ള മണിപ്പൂർ ഹൈക്കോടതി വിധിക്കെതിരെ കുന്നിൻപ്രദേശങ്ങളിലെ ഗോത്രവർഗക്കാർ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ അത് അവസരമായി അവർ എടുത്തു. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച് കുകി സ്മാരകങ്ങൾക്ക് തീവെച്ചുതുടങ്ങി.
115 ഗോത്ര ഗ്രാമങ്ങൾക്ക് ഇതിനകം തീയിട്ടു. 4000 വീടുകൾ കത്തിച്ചാമ്പലായി. 75 ഗോത്രവർഗക്കാർ കൊലചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. 50ലേറെ പേരുടെ മരണം കണക്കിൽപ്പെട്ടിട്ടില്ല. 225 ചർച്ചുകളാണ് കത്തിച്ചത്. ചർച്ചുമായി ബന്ധപ്പെട്ട 75 അനുബന്ധ കെട്ടിടങ്ങളും ചാമ്പലായി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ വന്ന ശേഷമാണ് കാംഗ്പോക്പി ജില്ലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ‘ആരംഭായ് തെങ്കോൽ’, ‘മെയ്തേയി ലീപുൻ’ എന്നീ സായുധസംഘങ്ങൾ 585 വീടുകൾ അഗ്നിക്കിരയാക്കിയത്. മണിപ്പൂരിലെ ബി.ജെ.പി സർക്കാർ കുകികളുടെ ഗോത്രമേഖലയിൽ ‘കോമ്പിങ് ഓപറേഷൻ’ തുടങ്ങിയ ശേഷമാണ് മെയ്തേയി തീവ്രവാദികൾ മണിപ്പൂർ റൈഫിൾസ്, ഐ.ആർ.ബി, മണിപ്പൂർ പൊലീസ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിൽനിന്ന് ആയുധങ്ങൾ കവർച്ച ചെയ്തത്.
അതേസമയം, നാടൻ തോക്കുകളും ആയുധങ്ങളും ഏതാനും ലൈസൻസുള്ള തോക്കുകളുമുപയോഗിച്ചാണ് കുകി ഗോത്രക്കാർ മെയ്തേയി കലാപകാരികളെ നേരിട്ടത്. എന്നാൽ, സ്വയം പ്രതിരോധിച്ച ഈ ഗ്രാമീണരെ മുഖ്യമന്ത്രി ബിരേൻ സിങ് ഭീകരരെന്നും സായുധ ഗ്രൂപ്പുകളെന്നും അധിക്ഷേപിച്ച് അവർ ആത്മരക്ഷക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടുകെട്ടി.
മണിപ്പൂരിൽ ബി.ജെ.പി സർക്കാർ ഒരു മെയ്തേയി സർക്കാറായി മാറിയെന്നും വളരെ സൗഹാർദത്തിൽ കഴിഞ്ഞിരുന്ന രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തി തമ്മിലകറ്റി രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും ഹാങ്ഷിങ് ആരോപിച്ചു. അതിനാൽ അകന്നുകഴിയുന്ന ഗോത്രവർഗ പ്രദേശത്തിന് സംസ്ഥാന, കേന്ദ്രഭരണ പ്രദേശ പദവിയോ സ്വയം ഭരണാവകാശമോ നൽകാതെ ഗോത്രവർഗക്കാരുടെ ജീവിതം സുരക്ഷിതമായിരിക്കില്ലെന്നാണ് ഹാങ്ഷിങ് പറയുന്നത്.