India
അബുദാബിയിലെ ഹൂതി ആക്രമണം; അപലപിച്ച് ഇന്ത്യ
India

അബുദാബിയിലെ ഹൂതി ആക്രമണം; അപലപിച്ച് ഇന്ത്യ

Web Desk
|
18 Jan 2022 1:03 PM GMT

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യ സേന കനത്ത തിരിച്ചടി നൽകിയിരുന്നു

അബുദാബിയിൽ നടന്ന ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യ . ആക്രമണത്തിന്റെ പശ്ചാതലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ യു.എ.ഇ മന്ത്രി ശൈഖ് അബ്ദുല്ലയെ ഫോണിൽ വിളിച്ചു സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഹൂതി ആക്രമണത്തെ അപലപിച്ച് ഐക്യ രാഷ്ട്ര സംഘടനയും രംഗത്തു വന്നിരുന്നു. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നാണ് സൗദിയും യുഎഇയും വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് അബുദാബി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം തിങ്കളാഴ്ച രാവിലെയാണ് അബുദാബിയിലെ വ്യവസായ മേഖലയായ അൽ മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചതും വിമാനത്താവളത്തിലെ തീപിടിത്തത്തിനും കാരണം ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പൊലീസ് അറിയിച്ചു.

എണ്ണ കമ്പനിയായ അഡ്നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോൺ ആക്രമണമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യ സേന കനത്ത തിരിച്ചടി നൽകിയിരുന്നു. യമനിലെ സനായിൽ ഹൂതി കേന്ദ്രങ്ങൾക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. സനായിലെ ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ അക്രമണങ്ങളിൽ മിസൈൽ സംവിധാനം തകർത്തതായി സഖ്യസേന അറിയിച്ചു.

Similar Posts