അബുദാബിയിലെ ഹൂതി ആക്രമണം; കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
|കൊല്ലപ്പെട്ടവർ ഇന്ത്യയിൽ ഏതു സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല
അബുദാബിയിലെ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. കൊല്ലപ്പെട്ട ഇരുവരെയും തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. കൊല്ലപ്പെട്ടവരുടെ നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചതായും എത്രയും പെട്ടെന്ന് മൃതദേഹം കൊണ്ടപോകാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു. അതേ സമയം ആക്രമണത്തിൽ പരിക്കേറ്റ രണ്ട് ഇന്ത്യക്കാർ ആശുപത്രി വിട്ടതായും ഇന്ത്യൻ എംബസി വ്യക്തമാക്കി.
കൊല്ലപ്പെട്ടവർ ഇന്ത്യയിൽ ഏതു സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ആക്രമണത്തെ തുടർന്ന് ആഗോള എണ്ണവിപണിയിൽ വില കുത്തനെ ഉയർന്നിരിക്കുകയാണിപ്പോൾ. ബാരലിന് 87 ഡോളറായാണ് വില ഉയർന്നത്. പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളായ സൗദിക്കും മറ്റുമെതിരെ ഇനിയും ആക്രമണം തുടരുമെന്ന ഹൂതി ഭീഷണി ശക്തമായ പ്രത്യാക്രമണത്തിന് വഴിതെളിച്ചേക്കുമോയെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റു നോക്കുന്നത്. എന്നാൽ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യ സേനയുടെ നേതൃത്വത്തിൽ ശക്തമായ പ്രത്യാക്രമണം രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. മുന്നൂറോളം ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. അബൂദാബിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച അമേരിക്കയും യൂറോപ്യൻ യൂണിയനും യു.എ.ഇക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ പശ്ചാതലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ യു.എ.ഇ മന്ത്രി ശൈഖ് അബ്ദുല്ലയെ ഫോണിൽ വിളിച്ചു സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കി.