തട്ടുകടയിൽ ബിരിയാണി വിറ്റ മുഹമ്മദ് ഖാസിം ഇനി സിവിൽ കോടതി ജഡ്ജി
|ഉത്തർപ്രദേശിലെ സംഭാൽ സ്വദേശിയായ മുഹമ്മദ് ഖാസിം ആണ് യു.പി പ്രൊവിഷനൽ സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക് നേടിയത്.
ലഖ്നോ: സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെ വഴിയിലൂടെ നടന്ന മുഹമ്മദ് ഖാസിം എന്ന തട്ടുകടയിലെ ബിരിയാണി വിൽപനക്കാരൻ നടന്നുകയറുന്നത് സിവിൽ കോടതി ജഡ്ജിയുടെ കസേരയിലേക്ക്. യു.പി പ്രൊവിഷനൽ സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക് നേടിയ ഖാസിമിന്റെ വിജയഗാഥ ആയിരങ്ങൾക്ക് പ്രചോദനമാണ്.
യു.പി സംഭാൽ റുഖ്നുദ്ദീൻ സരായിയിലെ ഹലീം വിൽപനക്കാരൻ വാലി മുഹമ്മദിന്റെ മകനാണ് മുഹമ്മദ് ഖാസിം. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലും മകന്റെ സ്കൂൾ പഠനം മുടങ്ങാതെ നോക്കിയ ഉമ്മ അനീസയാണ് ഖാസിമിനെ ഉന്നത പദവിയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
സ്കൂൾ കാലഘട്ടത്തിൽ തെരുവ് കച്ചവടക്കാരനായ പിതാവിന്റെ കടയിൽ സഹായിയായി നിന്ന ഖാസിം എച്ചിൽ പാത്രങ്ങൾ കഴുകുമ്പോഴും തന്റെ സ്വപ്നം കൈവിട്ടില്ല. അലിഗഡ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ഖാസിം 2019ൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കോടെയാണ് ഡൽഹി സർവകലാശാലയിൽ എൽ.എൽ.എം അഡ്മിഷൻ നേടിയത്. 2021ൽ യു.ജി.സി നെറ്റ് യോഗ്യതയും നേടി. പാനിപ്പത്തിലെയും ലഖ്നോവിലെയും സർവകലാശാലകളിൽ ലക്ചററായി നിയമനം ലഭിച്ചതിന് പിന്നാലെയാണ് ഖാസിം യു.പി.പി.എസ്.സി പരീക്ഷയിൽ തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്.