കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, 70 ദിവസം വെന്‍റിലേറ്ററില്‍; ഒടുവില്‍ ജീവിതം തിരികെ പിടിച്ച് മുംബൈ സ്വദേശി
|ഏപ്രില്‍ 8ന് അദ്ദേഹത്തെ ഹിരണ്‍നന്ദിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായി...85 ദിവസത്തോളം ആശുപത്രിയില്‍,70 ദിവസം വെന്‍റിലേറ്ററില്‍...ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന പോരാട്ടത്തിന്‍റെ കഥയാണ് മുംബൈ സ്വദേശിയായ ഭാരത് പാഞ്ചലിന് പറയാനുള്ളത്. മാസങ്ങള്‍ നീണ്ടുനിന്ന ആശുപത്രി വാസത്തിനിടയിലും പ്രതീക്ഷ കൈവിടാതെ വെല്ലുവിളികളെ അതിജീവിച്ചിരിക്കുകയാണ് ഭാരത്.
കോവിഡ് വാക്സിന്‍റെ ആദ്യ ഡോഡ് സ്വീകരിച്ച് രണ്ടാഴ്ചക്ക് ശേഷം ഭാരതിന് ചെറിയ പനി അനുഭവപ്പെട്ടതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. ഏപ്രില്‍ 8ന് അദ്ദേഹത്തെ ഹിരണ്‍നന്ദിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് ഭാരതിനെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോവിഡ് ബാധിക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. വൃക്ക രോഗം, കരള്‍ രോഗം, ആന്തരികാവയങ്ങള്‍ പലതും പ്രവര്‍ത്തന രഹിതമായി. ബ്ലാക്ക് ഫംഗസ് കൂടി ബാധിച്ചതോടെ ഭാരതിന്‍റെ നില ഗുരുതരമായി.
ഒരു കോവിഡ് രോഗിക്ക് ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്നങ്ങളും പഞ്ചാലിനുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഭാരതിനെ രക്ഷിക്കാനായി റെംഡെസിവിർ മുതൽ പ്ലാസ്മ തെറാപ്പി വരെ എല്ലാ ചികിത്സ രീതികളും ഡോക്ടര്‍മാര്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം, പഞ്ചാലിന്‍റെ ശ്വാസകോശത്തിൽ നിന്ന് രക്തസ്രാവം തുടങ്ങിയപ്പോൾ, കുടുംബം പ്രതീക്ഷ കൈവിട്ടു. ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിടാതെ ശ്രമിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചക്ക് ശേഷം ഭാരതിന്‍റെ നില മെച്ചപ്പെടുകയും രോഗത്തെ അതിജീവിക്കാനാവുകയും ചെയ്തു. 85 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിങ്കളാഴ്ചയാണ് ഭാരത് ഡിസ്ചാര്‍ജ് ആയത്.