India
Bharat Jodo
India

വോട്ട് പിടിച്ച് ഭാരത് ജോഡോ; യാത്ര കടന്നുപോയ സംസ്ഥാനങ്ങളിലെ 41 സീറ്റുകളില്‍ ജയം

Web Desk
|
8 Jun 2024 6:27 AM GMT

2022 സെപ്തംബര്‍ 7ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30നാണ് അവസാനിച്ചത്

ഡല്‍ഹി: വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും നാളുകളില്‍ സ്നേഹത്തിന്‍റെ സന്ദേശവുമായി രാഹുല്‍ ഗാന്ധി നടത്തിയ രണ്ട് യാത്രകള്‍...ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു ചുവടുവെപ്പായിരുന്നു അത്. പിന്നീട് ഇന്‍ഡ്യാ മുന്നണിയുടെ ഉജ്ജ്വല വിജയത്തിനും ഈ യാത്രകള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രകള്‍ കടന്നുപോയ സംസ്ഥാനങ്ങളിലെ 41 സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇന്‍ഡ്യാ മുന്നണിയും പിടിച്ചെടുത്തത്.

2022 സെപ്തംബര്‍ 7ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30നാണ് അവസാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യാത്ര കോണ്‍ഗ്രസിന് നല്‍കിയത് സമാനതകളില്ലാത്ത ആവേശമായിരുന്നു. 71 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. രാഷ്ട്രീയക്കാരല്ലാത്തവര്‍ പോലും യാത്രയുടെ ഭാഗമായി. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ളവരും ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായതും രാഹുലിന്‍റെ യാത്രയായിരുന്നു. യാത്ര കടന്നുപോയ 51 മണ്ഡലങ്ങളില്‍ 36 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു.

ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത് 2024 ജനുവരി 14നായിരുന്നു. ആഭ്യന്തര കലാപത്തില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്നാരംഭിച്ച യാത്ര മാര്‍ച്ച് 16നാണ് സമാപിച്ചത്. 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും കടന്ന് 6,713 കിലോമീറ്റർ ദൂരമാണ് റാലി പിന്നിട്ടത്. കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പരാജയപ്പെട്ടുവെന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ നിന്നരാംഭിച്ചതും കലാപഭൂമിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതും. ഈ രണ്ട് നീക്കങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമായി. വലിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ടു മണ്ഡലങ്ങളില്‍ നിന്നും ജയിച്ചത്. 2019ല്‍ ബി.ജെ.പിക്കൊപ്പം നിന്ന മണിപ്പൂര്‍ ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തൂത്തെറിയുന്ന കാഴ്ചയാണ് കണ്ടത്.

ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ ജെഎന്‍യുവിലെ പ്രൊഫസറായ കോൺഗ്രസ് സ്ഥാനാർഥി അംഗോംച ബിമോൾ അകോയ്‌ജം 109,801 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ടി. ബസന്ത കുമാർ സിങ്ങിനെ പരാജയപ്പെടുത്തിയത്.മുൻ നിയമസഭാംഗമായ കോൺഗ്രസിൻ്റെ ആൽഫ്രഡ് കങ്കം ആർതർ, ഗോത്രവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ട മണിപ്പൂരിലെ ഔട്ടർ സീറ്റിൽ എൻപിഎഫിൻ്റെ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ കച്ചുയി തിമോത്തി സിമിക്കിനെ 85,418 വോട്ടുകൾക്ക് തോല്‍പിച്ചു.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ 20 മണ്ഡലങ്ങളിലൂടെയായിരുന്നു റാലി കടന്നുപോയത്. ബിഎസ്‍പി വിട്ട് എസ്പി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ യാത്ര. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വച്ച് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ റാലി കടന്നുപോയ ഇടങ്ങളില്‍ നിന്നും കോണ്‍ഗ്രസ് മൂന്നു സീറ്റും എസ്.പി ആറു സീറ്റും പിടിച്ചെടുത്തു.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 31ലും ഇന്‍ഡ്യാ സഖ്യമാണ് വിജയിച്ചത്. ഇതില്‍ 9 എണ്ണം ഭാരത് ജോഡോ യാത്ര കടന്നുപോയ മണ്ഡലങ്ങളാണ്. രണ്ടാം ‘ഭാരത് ജോഡോ ന്യായ്’ റാലിയിൽ മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ, മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, മുംബൈ പാർട്ടി മേധാവി ഭായ് ജഗ്താപ്, നസീം ഖാൻ, വിശ്വജിത് കദം, എൻസിപി നേതാക്കളായ സുപ്രിയ സുലെ, ജിതേന്ദ്ര ഔഹദ് എന്നിവരും രാഹുലിനൊപ്പം അണിചേര്‍ന്നിരുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

മണിപ്പൂരിനെ കൂടാതെ അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലൂടെ 11 മണ്ഡലങ്ങളിലൂടെ കടന്നുപോയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ആറ് സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്.

ബിഹാര്‍

രണ്ടാം ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ബിഹാറിലെത്തിയത്. ഏഴ് മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. ഇതിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുകയും എല്ലായിടത്തും വിജയിക്കുകയും ചെയ്തു. അതേസമയം, പ്രതിപക്ഷ സഖ്യകക്ഷികൾ രണ്ട് സീറ്റുകൾ നേടി. ബിഹാറില്‍ ഇന്‍ഡ്യ മുന്നണിക്ക് തിരിച്ചടി നേരിട്ടെങ്കിലും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

കേരളവും പഞ്ചാബും തമിഴ്നാടുമാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്‍ഡ്യ മുന്നണിക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്നുനിന്ന സംസ്ഥാനങ്ങള്‍. കേരളത്തിലെ 11 മണ്ഡലങ്ങളിലൂടെ കടന്നുപോയ മെഗാ റാലിക്ക് സംസ്ഥാനത്ത് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഇത് വോട്ടായി മാറുകയും ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. പഞ്ചാബിലെ ആറ് മണ്ഡലങ്ങളിലാണ് യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. ഇതില്‍ അഞ്ചില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മിയുമാണ് വിജയിച്ചത്. തമിഴ്‌നാട്ടിൽ ‘ഭാരത് ജോഡോ’ യാത്ര നടത്തിയ രണ്ട് സീറ്റുകളിൽ ഒന്ന് കോൺഗ്രസ് വിജയിച്ചപ്പോൾ മറ്റൊന്ന് സഖ്യകക്ഷിയായ ഡിഎംകെ നേടി. രാജസ്ഥാനിലെ ഏഴ് മണ്ഡലങ്ങളിലാണ് രാഹുല്‍ റാലിയുമായി എത്തിയത്. ഇതില്‍ നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ചു.

പശ്ചിമബംഗാളില്‍ 9 മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തിയത്. ഇതില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചതെങ്കിലും ഇന്‍ഡ്യാ മുന്നണിയിലെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ നേടി. തെലങ്കാനയിലും ജാര്‍ഖണ്ഡിലും ഒരോ സീറ്റുകളിലാണ് ജയിച്ചത്.

Similar Posts