എം.പിമാർ അയോഗ്യരാകുന്നത് എങ്ങനെ? രാഹുൽ ഗാന്ധിക്കു മുന്നിൽ ഇനിയെന്ത്?
|2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടുമുൻപില്‍ എത്തിനിൽക്കെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഒരുപോലെ തിരിച്ചടിയാകുന്നതാണ് സൂറത്ത് കോടതിയുടെ വിധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശത്തിൽ സൂറത്ത് കോടതി ജയിൽശിക്ഷ വിധിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയിരിക്കുകയാണ്. വിധി വന്ന മാർച്ച് 23 തൊട്ടുതന്നെ രാഹുൽ അയോഗ്യനായിട്ടുണ്ടെന്നാണ് ഇന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയത്.
മേല്‍ക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാല്‍ മാത്രമേ ഇനി രാഹുലിന് പാർലമെന്റ് അംഗത്വം തിരിച്ചുലഭിക്കുകയുള്ളൂ. ഇല്ലെങ്കിൽ, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടുമുൻപിലെത്തിനിൽക്കെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഒരുപോലെ തിരിച്ചടിയാകും വിധി. ലോക്‌സഭാ അംഗത്വം നഷ്ടമാകുന്നതോടൊപ്പം ആറു വർഷത്തോളം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും രാഹുലിന് വിലക്കുണ്ടാകും.
ജനപ്രതിനിധികൾ അയോഗ്യരാകുന്നതെങ്ങനെ?
മൂന്ന് സാഹചര്യങ്ങളിലാണ് രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി അയോഗ്യനാകുക. ഒന്നാമത്തേത് പാർലമെന്റ് അംഗത്വത്തെയും നിയമസഭാ അംഗത്തെയും അയോഗ്യനാക്കാനുള്ള ഭരണഘടനയുടെ യഥാക്രമം 102(1), 191(1) വകുപ്പുകൾ. സാമ്പത്തിക നേട്ടമുള്ള ഏതെങ്കിലും പദവി വഹിക്കൽ, കടബാധ്യത വീട്ടാൻ കഴിയാത്ത തരത്തിൽ പാപ്പരാകുക, സ്വബോധം നഷ്ടപ്പെടുക, പൗരത്വം നഷ്ടപ്പെടുക തുടങ്ങിയവയാണ് ഈ രണ്ടു വകുപ്പുകളുടെയും പശ്ചാത്തലം.
രണ്ടാമത്തേത് ഭരണഘടനയുടെ പത്താം അനുച്ഛേദത്തിൽ പറയുന്നതാണ്. രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള കൂറുമാറ്റം. മൂന്നാമത്തേതാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വനഷ്ടത്തിലേക്ക് നയിച്ച സാഹചര്യം. 1951ലെ ജനപ്രാതിനിധ്യ നിയമ(ആർ.പി.എ) പ്രകാരം ഏതെങ്കിലും ക്രിമിനൽ കേസുകളിൽ ശിക്ഷ വിധിക്കപ്പെട്ടാൽ അയോഗ്യനാകും.
ആർ.പി.എ പ്രകാരം അയോഗ്യനാകാൻ വേറെയും വകുപ്പുകളുണ്ട്. ഇതിൽ ഒൻപതാം വകുപ്പ് കൈകാര്യം ചെയ്യുന്നത് അഴിമതി, വഞ്ചന, ജനപ്രതിനിധിയായിരിക്കെ സർക്കാർ കരാറുകൾ സ്വന്തമാക്കൽ എന്നിവയാണ്. പത്താം വകുപ്പിൽ പറയുന്നത് തെരഞ്ഞെടുപ്പ് ചെലവിന്റെ രേഖ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തൽ. കുറ്റകൃത്യങ്ങളിൽ ശിക്ഷവിധിക്കപ്പെടുന്നതാണ് എട്ടാം വകുപ്പിൽ കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയക്കാർക്കിടയിലെ കുറ്റകൃത്യം തടയുകയും കളങ്കിതരായ ജനപ്രതിനിധികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, കോഴ, തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തൽ, സ്വാധീനം ചെലുത്തൽ തുടങ്ങിയവ എട്ടാം വകുപ്പിൽ വരുന്നതാണ്. പൂഴ്ത്തിവയ്പ്പ്, കൊള്ളലാഭം, ഭക്ഷണത്തിൽ മായംകലർത്തൽ, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റത്തിൽ ആറുമാസത്തിലകം തടവുശിക്ഷ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. 2022 ഒക്ടോബറിൽ എസ്.പി നേതാവ് അസം ഖാന് ഉത്തർപ്രദേശ് നിയമസഭാ അംഗത്വം നഷ്ടപ്പെടുന്നത് വിദ്വേഷപ്രസംഗക്കേസിലായിരുന്നു.
എട്ടാം(3) വകുപ്പിൽ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലും കലാശിച്ചിരിക്കുന്നത്. ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ടുവർഷത്തിലേറെ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ കോടതി ഉത്തരവിന്റെ ദിവസം മുതൽ അയോഗ്യനാക്കപ്പെടും. ഇതോടൊപ്പം ജയിൽമോചിതനായ ശേഷം ആറു വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ടാകും.
അയോഗ്യനാക്കപ്പെട്ടാൽ എന്തു ചെയ്യും?
കീഴ്‌ക്കോടതിയുടെ ഉത്തരവ് മേൽക്കോടതി റദ്ദാക്കിയാൽ അയോഗ്യത നീങ്ങും. കീഴ്‌ക്കോടതി ഉത്തരവിന് സ്‌റ്റേ ലഭിച്ചാലും ഇതു തന്നെ സ്ഥിതി. മേൽക്കോടതി സ്‌റ്റേ ചെയ്ത ദിവസം മുതൽ അയോഗ്യത റദ്ദാകും.
സി.ആർ.പി.സി സെക്ഷൻ 389 പ്രകാരം തടവുശിക്ഷയുടെ മാത്രമല്ല, ശിക്ഷാവിധിയുടെ കൂടി സ്റ്റേ ആകുമത്. അപ്പീൽ പരിഗണനയിൽ നിൽക്കെ തന്നെ പ്രതിയുടെ തടവുശിക്ഷ റദ്ദാക്കാൻ മേൽക്കോടതിക്ക് ഈ വകുപ്പു പ്രകാരം അധികാരമുണ്ട്.
രാഹുൽ ഗാന്ധി ആദ്യം അപ്പീലുമായി സമീപിക്കേണ്ടത് സൂറത്ത് സെഷൻസ് കോടതിയെയാണ്. അതു കഴിഞ്ഞാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനാകുക. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചാലേ ഇനി രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ അംഗത്വവും അതുവഴി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയും ലഭിക്കൂ.
Summary: How does the disqualification of MPs and MLAs operate? What is ahead of Rahul Gandhi?