India
How many channels shut down for non-renewal of licences Supreme Court asks number from Centre
India

ലൈസൻസ് പുതുക്കാത്തതിന് എത്ര ചാനലുകൾ നിങ്ങൾ അടച്ചുപൂട്ടി?; കേന്ദ്രത്തോട് കണക്ക് തേടി സുപ്രിംകോടതി

Web Desk
|
15 July 2024 3:57 PM GMT

കന്നഡ ന്യൂസ് ചാനലായ 'പവർ ടി.വി'യുടെ സംപ്രേഷണം തടഞ്ഞതിനെതിരായ ഹരജി പരിഗണിക്കവെയാണ് നിർദേശം.

ന്യൂഡൽഹി: ലൈസൻസ് പുതുക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ സംപ്രേഷണ തടഞ്ഞ ചാനലുകളുടെ കണക്ക് തേടി സുപ്രിംകോടതി. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കാണ് സുപ്രിംകോടതി തേടിയത്. കന്നഡ ന്യൂസ് ചാനലായ 'പവർ ടി.വി'യുടെ സംപ്രേഷണം തടഞ്ഞതിനെതിരായ ഹരജി പരിഗണിക്കവെയാണ് നിർദേശം.

ലൈസൻസ് പുതുക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞദിവസം കന്നഡ വാർത്ത ചാനലായ 'പവർ ടി.വി'യുടെ സംപ്രേഷണം തടഞ്ഞത്. ഹൈക്കോടതി നടപടിക്ക്‌ എതിരായ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ചോദ്യങ്ങൾ ഉയർത്തിയത്. ലൈസൻസ് പുതുക്കാത്തതിന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ എത്ര ചാനലുകൾ അടച്ചുപൂട്ടിയെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ചോദിച്ചു.

ലൈസൻസിന് അപേക്ഷിച്ചിരിക്കെ എത്ര ചാനലുകൾക്ക് അടച്ചുപൂട്ടാൻ നിർദേശം നൽകിയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച ഹരജികൾ വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കന്നഡ വാർത്താ ചാനലായ 'പവർ ടി.വി'ക്ക്‌ എതിരായ നടപടിയെ രാഷ്ട്രീയ പകപോക്കൽ എന്ന്‌ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.

ജെ.ഡി.എ‌സ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്ക്‌ എതിരായ ലൈംഗികാതിക്രമക്കേസിൻ്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടി.വിയാണ്. ഇതിന് പിന്നാലെയാണ് ചാനലിനെതിരെ ഹൈക്കോടതിയിൽ ഹരജി എത്തുകയും പിന്നീട് സംപ്രേഷണം വിലയ്ക്കുകയും ചെയ്തത്.


Similar Posts