സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെയും ഡൽഹി വംശഹത്യയുടെയും നേർസാക്ഷ്യമായി 'ഹം ദേക്കേങ്കെ'-റിവ്യൂ
|ജീവിതത്തിലെന്ന പോലെ മരണത്തിലും തലമുറകളെ പ്രചോദിപ്പിക്കാൻ പോന്ന ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ പുലിറ്റ്‌സർ ജേതാവ് ഡാനിഷ് സിദ്ദീഖിക്കാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്
രാജ്യത്തെ പിടിച്ചുകുലുക്കിയ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിന്റെയും ഡൽഹി വംശഹത്യയുടെയും നേർച്ചിത്രങ്ങളെ മറവിക്കു വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് 'ഹം ദേക്കേങ്കെ'. ഡൽഹിയിലെ ഷാഹിൻ ബാഗിൽ നടന്ന ഐതിഹാസികമായ സിഎഎ വിരുദ്ധ സമരം മുതൽ ജാമിഅ മില്ലിയ്യയിലെ പൊലീസ് ക്രൂരതകളുടെയും വടക്കൻ ഡൽഹിയിലെ മുസ്‌ലിം വിരുദ്ധ കലാപത്തിന്റെയുമെല്ലാം നേർക്കാഴ്ചകൾ ഒപ്പിയെടുത്തിരിക്കുകയാണ് കോഫി ടേബിൾ ഫോട്ടോ പുസ്തകമായ Hum Dekhenge: Protest and Pogrom. ചരിത്രത്തിലേക്കുള്ള ഒരു അടയാളപ്പെടുത്തൽ കൂടിയാണിത്.
2019 ഡിസംബർ 12 മുതൽ 2020 മാർച്ച് 22 വരെ നീണ്ട മൂന്നുമാസം രാജ്യത്ത് കൊടുമ്പിരികൊണ്ട ഒരു പോരാട്ട ചരിത്രത്തെ അപ്പടി പകർത്തിയിരിക്കുകയാണ് പുസ്തകം. രാജ്യത്തെ മുസ്്‌ലിം പൗരന്മാരെ അപരവൽക്കരിക്കാനായി നരേന്ദ്ര മോദി സർക്കാർ നടത്തിയ കുത്സിതനീക്കത്തെ തോൽപിച്ചുകളഞ്ഞ വിദ്യാർത്ഥി പോരാട്ടത്തിന്റെ കൂടി കഥയാണത്. ഡൽഹിയും ഉത്തർപ്രദേശുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ വീറുറ്റ ചിത്രങ്ങളാണ് പുസ്തകം.
അലിഗഢ് സർവകലാശാല, ഡൽഹി ഐഐടി പൂർവവിദ്യാർത്ഥി ആസിഫ് മുജ്തബ, ജാമിഅ മില്ലിയ പൂർവ വിദ്യാർത്ഥി മെഹർബാൻ എന്നിവർ ക്യുറേറ്റ് ചെയ്ത പുസ്തകം സമർപ്പിച്ചിരിക്കുന്നത് മറ്റൊരു ജാമിഅ പൂർവവിദ്യാർത്ഥിക്കാണ്. ജീവിതത്തിലെന്ന പോലെ മരണത്തിലും തലമുറകളെ പ്രചോദിപ്പിക്കാൻ പോന്ന ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ പുലിറ്റ്‌സർ ജേതാവ് കൂടിയായ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ പേരിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്.
നൂറിലേറെ പേജുകളിലായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട 200നുമുകളിൽ ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്. വിദ്യാർത്ഥികളടക്കം 28 ഫോട്ടോഗ്രാഫർമാരുടേതാണ് ഈ ചിത്രങ്ങളെല്ലാം. ഡൽഹി ആസ്ഥാനമായുള്ള വൈറ്റ് ഡോട്ട് പബ്ലിഷേഴ്‌സ് ആണ് പ്രസാധകർ. മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ അവതാരികയും നിർവഹിച്ചിരിക്കുന്നു.