ദലിതരുടെ കുടിവെള്ള ടാങ്കിൽ മനുഷ്യവിസർജ്ജനം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംഘടനകൾ
|പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ദലിത് സമുദായത്തിൽപ്പെട്ടവരിൽ കേസ് കെട്ടിവെക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്
ചെന്നൈ: തമിഴ്‌നാട്ടിലെ വേങ്ങൈവയലിൽ ദലിതർക്ക് കുടിവെള്ളം നൽകുന്ന ഓവർഹെഡ് വാട്ടർ ടാങ്കിൽ മനുഷ്യ വിസർജ്ജനം കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് സംഘടനകൾ രംഗത്ത്. ഡിസംബർ 21നാണ് സംഭവം റിപ്പോർട്ട് ചെയതത്. എന്നാൽ നാളിതുവരെയായിട്ടും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലൈന്നും സംഘടനകൾ ആരോപിച്ചു.
തമിഴ്നാട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ദലിത് സമുദായത്തിൽപ്പെട്ട ചിലരിൽ കേസ് കെട്ടിവെക്കാൻ ശ്രമിക്കുന്നതായും ദലിത് സംഘടനകൾ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഏജൻസികളിൽ തങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണെന്നും സംഘടനകൾ പറഞ്ഞു.
മനുഷ്യവിസർജ്ജനം കണ്ടെത്തിയ വാട്ടർ ടാങ്ക് പൊളിച്ചുനീക്കണമെന്ന് വി.സി.കെ ആവശ്യപ്പെട്ടു. ടാങ്ക് ദലിതരെ അപമാനിക്കുന്നതിന്റെ പ്രതീകമാണെന്നും ഇത് പൊളിക്കണമെന്നും വിസികെ നേതാവും പാർലമെന്റ് അംഗവുമായ തോൽ തിരുമാവളവൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ദലിത് രാഷ്ട്രീയ പാർട്ടിയായ വിടുതലൈ ചിരുതൈകൾ കച്ചി ഈ നടപടിക്കെതിരെ നിരവധി പ്രതിഷേധ മാർച്ചുകൾ നടത്തി.
തമിഴ്നാട്ടിലെ പല ഗ്രാമപ്രദേശങ്ങളിലും ദലിതർക്ക് പ്രത്യേക ഗ്ലാസുകളില്‍ ചായയും കാപ്പിയും നൽകുന്ന സമ്പ്രദായം ഇപ്പോഴും നിലവിലുണ്ട്.