'അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായമെത്തിക്കും'; ഇന്ത്യ-താലിബാൻ കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങുന്നു
|പാകിസ്താൻ അഫ്ഗാനിൽ കൂടുതൽ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ-താലിബാൻ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു. അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്താൻ ഉന്നതഉദ്യോഗസ്ഥരെ കാബൂളിലേക്കയക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൂടിക്കാഴ്ചക്കിടെ അഫ്ഗാനിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം യു.എസ് സൈന്യം അഫ്ഗാനിൽ നിന്ന് പൂർണമായി പിൻമാറിയതിനു ശേഷം ആദ്യമായാണ് ഇന്ത്യൻ സംഘം അഫ്ഗാൻ സന്ദർശിക്കാനൊരുങ്ങുന്നത്.
ഇന്ത്യൻ ഉന്നതഉദ്യോഗസ്ഥസംഘം മുതിർന്ന താലിബാൻ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. അഫ്ഗാനിൽ സഹായം ചെയ്യാൻ ഉദ്ദേശിക്കുന്ന മേഖലകൾ സംഘം സന്ദർശിക്കും. ഇന്ത്യ മാനുഷിക സഹായമായി 20,000 ടൺ ഗോതമ്പും 13 ടൺ മരുന്നുകളും 500,000 ഡോസ് കോവിഡ് വാക്‌സിനും തണുപ്പിൽ നിന്ന് രക്ഷതേടാനുള്ള വസ്ത്രങ്ങളും അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരുന്നു. മരുന്നുകളും ഭക്ഷ്യധാന്യങ്ങളുമടക്കമുള്ള കൂടുതൽ സഹായങ്ങൾ അയക്കാനിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വിശദമാക്കി.
താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിൽ ജനജീവിതം കൂടുതൽ ദുഃസ്സഹമായെന്നാണ് റിപ്പോർട്ടുകൾ. ദാരിദ്ര്യവും തൊഴിലില്ലായ്മയും കുതിച്ചുയർന്നിരിക്കുകയാണ്. യു.എസ് സൈന്യം പിൻമാറിയതിനു പിന്നാലെയാണ് താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തത്. താലിബാൻ ഭരണത്തിലേറിയതോടെ ഇന്ത്യ അഫ്ഗാനിലെ എംബസി അടച്ചുപൂട്ടി ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു. പാകിസ്താൻ അഫ്ഗാനിൽ കൂടുതൽ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.