കാണാതായ അധ്യാപികയെ ബന്ധു കൊന്ന് കുഴിച്ചിട്ടു
|മൺകൂനയിലെ ഉറുമ്പുകളുടെയും ഈച്ചകളുടെയും സാന്നിധ്യമാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്
മംഗളുരു: കാണാതായ അധ്യാപികയെ ബന്ധു കൊലപ്പെടുത്തി കുഴിച്ചിട്ടു. കർണാടകയിലെ മാണ്ഡ്യ പാണ്ഡവപുര താലൂക്കിൽ മാണിക്യഹള്ളി ഗ്രാമത്തിലെ ദീപിക വി. ഗൗഡയാണ് (28) കൊല്ലപ്പെട്ടത്.
ജനുവരി 20 ന് ദീപിക രാവിലെ മാണിക്യഹള്ളി ഗ്രാമത്തിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ മേലുകോട്ട് എസ്ഇടി പബ്ലിക് സ്കൂളിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സ്കൂളിൽ നിന്ന് പുറത്തുപോയെങ്കിലും വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല. ഭർത്താവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നു.
തുടർന്ന് വൈകീട്ട് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ലോകേഷ് പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തുന്നതിനിടയിൽ അധ്യാപികയും മറ്റൊരാളും തമ്മിൽ വഴക്കിടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ചിലർ കൈമാറി.
പ്രദേശത്ത് നടത്തിയ തിരച്ചിലിൽ അധ്യാപികയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അതിന് സമീപത്ത് മണ്ണ് ഇളകികിടക്കുന്നതും അവിടേക്ക് ഉറുമ്പുകളും ഈച്ചകളും വ്യാപകമായി വരുന്നത് കണ്ടു. ഇതോടെ ബന്ധുക്കൾ മണ്ണ് നീക്കി പരിശോധിച്ചതോടെയാണ് ദീപികയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നത്.കൊലപാതകിയെ തിരച്ചറിഞ്ഞുവെന്നും, ഒളിവിലുള്ള അയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.