ഗുലാബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് രണ്ട് മരണം
|മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു
ആഞ്ഞടിച്ച ഗുലാബ് ചുഴലിക്കാറ്റിൽ ആന്ധ്രപ്രദേശിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ആറു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ശ്രീകാകുളം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ഗുലാബ് ചുഴലിക്കാറ്റ് മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിലാണ് വീശുന്നത്. ഇതോടെ ആന്ധ്രാ തീരത്ത് ശക്തമായ കാറ്റും മഴയും തുടങ്ങിയിരുന്നു. കലിംഗപട്ടണത്താണ് ആദ്യം എത്തിയിരുന്നത്.
മൂന്നു മണിക്കൂറിനകം കാറ്റ് ആന്ധ്ര, ഒഡീഷ തീരം കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനായി ഒഡീഷയിൽ 24 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.
ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുമായി സംസാരിച്ചിരുന്നു. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി വാക്ക് നൽകിയിട്ടുണ്ട്.