ഭാര്യയെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ സമ്മതിച്ചില്ല; ഭർത്താവിനെതിരെ നൽകിയ കേസ് കോടതി സ്റ്റേ ചെയ്തു
|ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിരുന്നു
ബെംഗളൂരു: പ്രസവശേഷം ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ സമ്മാതിക്കാതിരുന്ന ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തീർത്തും നിസ്സാരമാണെന്ന് നിരീക്ഷിച്ചാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498എ (ക്രൂരത) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കാമെന്ന് കോടതിയിൽ ഉറപ്പ് നൽകിയതിനെത്തുടർന്ന് ജോലിക്കായി യു.എസിലേക്ക് പോകാനും ഹൈക്കോടതി യുവാവിന് അനുമതി നൽകി. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ ഇവർക്കെതിരായ അന്വേഷണം കോടതി താത്ക്കാലികമായി നിർത്തിവച്ചു.
പ്രസവശേഷം ഫ്രഞ്ച് ഫ്രൈയും ചോറും ഇറച്ചിയും കഴിക്കാൻ ഭർത്താവ് അനുവദിച്ചില്ലെന്ന് യുവതി പരാതിയിൽ ആരോപിച്ചു. കുട്ടിയുടെ ജനനത്തിനുമുമ്പ് വീട്ടുജോലികളെല്ലാം ഭാര്യ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചെന്ന് ഭർത്താവ് എതിർ വാദത്തിൽ കോടതിയെ അറിയിച്ചു. ബാർ ആൻഡ് ബെഞ്ച് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.