1977ൽ ഭർത്താവ് മരിച്ചു; 46 വർഷത്തിന് ശേഷം 91കാരിക്ക് ഫാമിലി പെൻഷൻ
|ഭർത്താവ് മരിക്കുമ്പോൾ ഹര സാഹുവിന് പ്രായം 43 വയസ്
ഒഡീഷ: ഭർത്താവ് മരിച്ച് 46 വർഷങ്ങൾക്ക് ശേഷം തനിക്കവകാശപ്പെട്ട ഫാമിലി പെൻഷന് അനുമതി നേടി 91കാരി. ഒരു മാസത്തിനുള്ളിൽ ഇവർക്ക് ലഭിക്കാനുള്ള പെൻഷൻ തുക മുഴുവൻ നൽകാൻ കോടതി കേന്ദ്രപാഡ ജില്ലാ കളക്ടറോട് ഉത്തരവിട്ടു. 1977ലാണ് ഹര സഹുവിന്റെ അധ്യാപകനായ ഭർത്താവ് മരിച്ചത്. 1991 മുതൽ സഹു ഫാമിലി പെൻഷനായി സ്‌കൂളിനെയും വിദ്യാഭ്യാസവകുപ്പിനെയും സമീപിച്ചിരുന്നു. എന്നാൽ ഇവരുടെ അപേക്ഷകൾ തള്ളി. കാരണം തിരക്കിയപ്പോൾ ഫാമിലി പെൻഷൻ നിലവിൽ വന്നത് 1980-81 വർഷത്തിലാണെന്നും ഭർത്താവ് മരിച്ചത് 1977ലായതിനാൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധ്യമല്ലെന്നും മറുപടി ലഭിക്കുകയായിരുന്നു. വീണ്ടും പലതവണ ഇവർ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും ഇതേ മറുപടി തന്നെയായിരുന്നു ലഭിച്ചത്. ഒടുവിൽ സഹു കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു.
ദീർഘകാലത്തെ വാദത്തിനൊടുവിൽ 2023 നവംബറിൽ ഒഡീഷ ഹൈക്കോടതി ഇവർക്കനുകൂലമായ വിധി പ്രസ്താവിച്ചു. എന്നാൽ വിധി പ്രസ്താവിച്ച് 4 മാസം കഴിഞ്ഞും പെൻഷൻ തുക ലഭിക്കാതിരുന്നതിനാൽ വൃദ്ധ വീണ്ടും കോടതിയെ സമീപിച്ചു. ഒടുവിൽ ഒരു മാസത്തിനുള്ളിൽ സഹുവിന് ലഭിക്കാനുള്ള പെൻഷൻ കുടിശികയടക്കം നൽകാൻ കളക്ടറോട് കോടതി ഉത്തരവിടുകയായിരുന്നു.
60കാരനായ മകനും കുടുംബത്തോടുമൊപ്പമാണ് നിലവിൽ സഹു താമസിക്കുന്നത്. പെൻഷൻ തുക മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം സഹുവിന് നൽകിയില്ലെങ്കിൽ കളക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് കോടതി പറഞ്ഞു.