70,000 രൂപ കൊടുത്ത് വാങ്ങി ഭാര്യയാക്കി, മോശം പെരുമാറ്റം ആരോപിച്ച് കൊന്നുതള്ളി; ഭർത്താവും കൂട്ടാളികളും പിടിയിൽ
|ഭാര്യ സ്വീറ്റി ഇടയ്ക്ക് നാട് വിട്ടു പോകുന്നുവെന്നു പറഞ്ഞ് ഡൽഹി സ്വദേശി ധരംവീറാണ് കൊലപാതകം നടത്തിയത്
ന്യൂഡൽഹി: 70,000 രൂപ കൊടുത്ത് യുവതിയെ വാങ്ങി ഭാര്യയാക്കിയ യുവാവ് മോശം പെരുമാറ്റം ആരോപിച്ച് അവരെ കൊന്നുതള്ളി. ഭാര്യ സ്വീറ്റിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്നും അവർ ഇടയ്ക്ക് നാട് വിട്ടു പോകുന്നുവെന്നും പറഞ്ഞ് ഡൽഹി സ്വദേശി ധരംവീറാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഇയാളെയും അരുൺ, സത്യവാൻ എന്നിവരെയും കൊലക്കുറ്റം ചുമത്തി സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഫതേഹ്പൂർ ബേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഫതേഹ്പൂർ ബേരിയിലെ ജീൽ ഖുദ്ര അതിർത്തിയിലെ വനത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ശനിയാഴ്ചയാണ് വിവരം കിട്ടിയതെന്നും തുടർന്ന് പൊലീസ് അവിടെയെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ചന്ദൻ ചൗധരി അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ഓട്ടോറിക്ഷ സംശയകരമായ സാഹചര്യത്തിൽ കാണുകയും തുടർന്ന് ഡ്രൈവർ അരുണിനെ പിടികൂടിയെന്നും പറഞ്ഞു. ഇയാളാണ് കൊല്ലപ്പെട്ട സ്വീറ്റിയെ കുറിച്ചും ബന്ധുക്കളായ ധരംവീർ, സത്യവാൻ എന്നിവരെ കുറിച്ച് വിവരം നൽകിയത്. നൻഗോളി നിവാസികളായ ഇവർ ഹരിയാന അതിർത്തിയിൽ വെച്ച് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സ്വീറ്റിയുടെ കുടുംബത്തെ കുറിച്ച് വിവരമില്ലെന്നും താൻ അവരെ മറ്റൊരു സ്ത്രീക്ക് 70,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. യുവതിയുടെ വീട്ടുകാർ ബിഹാറിലെ പാറ്റ്നയിൽ നിന്നുള്ളവരാണെന്നും പറഞ്ഞു.
സംഭവത്തിൽ സെക്ഷൻ 302 (കൊലപാതകം), 201, 34 തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്. കൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Husband kills wife for misbehavior in Delhi