സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പാക് യുവതിയെ വീഡിയോ കോളിലൂടെ വിവാഹം ചെയ്തു; ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനക്കേസ് കൊടുത്ത് ആദ്യഭാര്യ
|ചുരുവിലെ പിത്തിസാറില്‍ നിന്നുള്ള റഹ്മാന്‍ (35) ആണ് ആദ്യഭാര്യയായ ഫരീദ ബാനു(29)വിനെ ഉപേക്ഷിച്ച് പാക്സിസാനിലെ ലാഹോര്‍ സ്വദേശിയായ മെഹ്‌വിഷ് (33)നെ വിവാഹം ചെയ്തത്
ജയ്പൂര്‍: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനക്കേസ് ഫയല്‍ ചെയ്ത് ഭാര്യ. രാജസ്ഥാനിലാണ് സംഭവം. തൻ്റെ ആഭരണങ്ങൾ വിറ്റ് ഭർത്താവിനെ വിദേശത്ത് ബിസിനസ് തുടങ്ങാൻ പ്രേരിപ്പിച്ചെങ്കിലും ഭർത്താവ് വിശ്വാസവഞ്ചന കാണിക്കുകയും രണ്ട് കുട്ടികളെയും തന്നെ ഉപേക്ഷിച്ചുവെന്നുമാണ് ആദ്യ ഭാര്യയുടെ ആരോപണം.
ചുരുവിലെ പിത്തിസാറില്‍ നിന്നുള്ള റഹ്മാന്‍ (35) ആണ് ആദ്യഭാര്യയായ ഫരീദ ബാനു(29)വിനെ ഉപേക്ഷിച്ച് പാക്സിസാനിലെ ലാഹോര്‍ സ്വദേശിയായ മെഹ്‌വിഷ് (33)നെ വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ വിവാഹം ചെയ്ത ഇവര്‍ പിന്നീട് സൗദ്യ അറേബ്യയില്‍ വച്ചും വിവാഹിതരായി. വിവാഹത്തിനു ശേഷം ഭര്‍തൃമാതാപിതാക്കളെ കാണാന്‍ മെഹ്‍വിഷ് ഇന്ത്യയിലെത്തിയിരുന്നു. രണ്ട് വർഷം മുമ്പാണ് ഇവരുടെ നിക്കാഹ് നടന്നത്. റഹ്മാൻ നിലവിൽ കുവൈത്തിലാണ്. മെഹ്‍വിഷ് 45 ദിവസത്തെ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ മെഹ്‍വിഷ് അനധികൃതമായിട്ടാണ് ഇന്ത്യയിലെത്തിയതെന്നാണ് ഫരീദ ബാനുവിന്‍റെ ആരോപണം.
ഭദ്രയിലാണ് ഫരീദ ബാനു താമസിക്കുന്നത്. റഹ്മാന്‍റെ രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞ ഫരീദ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്‍കിയതായി സ്റ്റേഷൻ ഓഫീസർ ഹനുമാൻ റാം ബിഷ്‌നോയ് പറഞ്ഞു. 2011 മാര്‍ച്ച് 17നായിരുന്നു റഹ്മാനും ഫരീദയും വിവാഹിതരായത്. എട്ടു വയസുള്ള മകളും നാലുവയസുകാരനായ മകനും ഇവര്‍ക്കുണ്ട്. തന്‍റെ ഭര്‍ത്താവ് മുത്തലാഖിലൂടെ ബന്ധം ഉപേക്ഷിച്ചതായി ഫരീദ ആരോപിക്കുന്നു. തനിക്കും മക്കൾക്കും നീതി ലഭിക്കാൻ ഫരീദ കേന്ദ്ര ഗവൺമെൻ്റിൻ്റെ സഹായം തേടിയിട്ടുണ്ട്.
അതേസമയം മെഹ്‍വിഷിന്‍റെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. 2006ലായിരുന്നു ആദ്യ വിവാഹം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്.